ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണസംരഭമായ ‘വരനെ ആവശ്യമുണ്ട്’ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രതികരണങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രം ഫെബ്രുവരി ഏഴിനാണ് തിയറ്ററുകളിലെത്തിയത്.
മികച്ച കുടുംബചിത്രമാണെന്നാണ് കാഴ്ചക്കാരുടെ ആദ്യപ്രതികരണങ്ങള്‍. അച്ഛനെപ്പോലെ മകനും വളരെ നന്നായി നന്മ നിറഞ്ഞ ഒരു കുടുംബച്ചിത്രം ചെയ്തിരിക്കുന്നു എന്ന് ഫേസ്ബുക്ക് കുറിപ്പുകളില്‍ പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് ‘വരനെ ആവശ്യമുണ്ട്’ സംവിധായകന്‍ ചെയ്തിരിക്കുന്നത്.
ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം എത്തിയിട്ടുള്ളത്.
കുറെ കാലത്തിന് ശേഷം സുരേഷ് ഗോപിയുടെ നല്ലൊരു കഥാപാത്രം കാണാന്‍ കഴിഞ്ഞെന്നാണ് മിക്ക പ്രതികരണങ്ങളും ആവര്‍ത്തിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ‘തിര’യ്ക്ക് ശേഷം മലയാളത്തിലേക്കുള്ള വരവ് ശോഭന മികച്ചതാക്കിയിട്ടുണ്ടെന്നും സിനിമാപ്രേമികള്‍ പറയുന്നു.
ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശിനിയും തങ്ങളുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും കൂടാതെ ഉര്‍വശി, കെപിഎസി ലളിത, ലാലു അലക്‌സ് തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ദുല്‍ഖര്‍ സല്‍മാന്‍ ആരംഭിച്ച വെഫെയ്‌റര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുറുപ്പ്, മണിയറയിലെ അശോകന്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.