'ഇ.വി.എം മോഷ്ടിക്കാന്‍ ശ്രമം'; മോദിയുടെ മണ്ഡലത്തില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി; തോല്‍വി ഭയന്നിട്ടെന്ന് എസ്. പി
Assembly Election Result 2022
'ഇ.വി.എം മോഷ്ടിക്കാന്‍ ശ്രമം'; മോദിയുടെ മണ്ഡലത്തില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി; തോല്‍വി ഭയന്നിട്ടെന്ന് എസ്. പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 7:59 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് മെഷിന്‍ കടത്താന്‍ ശ്രമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടി. വോട്ടെണ്ണലിന് രണ്ട് ദിവസത്തിന് മുമ്പേ, കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ വോട്ടിംഗ് മെഷീന്‍ കടത്താന്‍ ശ്രമിച്ചത്.

വോട്ടെണ്ണലിനായും മറ്റും ഇ.വി.എം കൊണ്ടുപോകുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് വാരാണസി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.കെ സിംഗിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇ.വി.എം കടത്തിയതില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറും സമ്മതിച്ചിരുന്നു.

‘വോട്ടെണ്ണുന്ന ദിവസം മാത്രമാണ് ഇ.വി.എം കൊണ്ടുപോകാന്‍ പാടുള്ളത്. എന്നാല്‍ സിംഗ് ആരെയും അറിയിക്കാതെ കഴിഞ്ഞ ദിവസം രാത്രിയില്‍ വോട്ടിംഗ് മെഷീനുകള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു,’ ജില്ലാ മജിസ്‌ട്രേറ്റ് കുശാല്‍ ശര്‍മ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നത്. ട്രക്കില്‍ കടത്താന്‍ ശ്രമിച്ച വോട്ടിംഗ് മെഷീനുകള്‍ എസ്.പി പ്രവര്‍ത്തകര്‍ കണ്ടുപിടിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറയുന്നു. 2017ല്‍ 50ലധികം മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിച്ചത് 5000 വോട്ടുകള്‍ക്ക് താഴെയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ഇ.വി.എം കൊണ്ടുപോകുന്നതിനുള്ള ചട്ടങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന വസ്തുത ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ വോട്ടിംഗിന് ഉപയോഗിച്ച ഇ.വി.എം ഒരിക്കലും കടത്തിക്കൊണ്ടുപോവാന്‍ സാധിക്കില്ല,’ വാരാണസി കമ്മീഷണര്‍ ദീപക് അഗര്‍വാള്‍ പറയുന്നു.

വോട്ടിംഗ് മെഷീനുകള്‍ കടത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ദീപക് അഗര്‍വാളിന് പങ്കുണ്ടെന്ന് ആരോപണമുരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇയാള്‍ വീഴ്ച സമ്മതിച്ച് രംഗത്തെത്തിയത്.

സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമുണ്ടെന്ന് കാണിച്ച് എസ്. പി കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് സാധ്യത കല്‍പ്പിക്കുമ്പോഴും, കഴിഞ്ഞ തവണത്തെക്കാള്‍ തിരിച്ചടി നേരിടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

 

Content highlight: Varanasi Officer To Be Suspended After Voting Machine Eruption