ന്യൂദല്‍ഹി: യു.പി ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. പുരാവസ്തു വകുപ്പാണ്(എ.എസ്.ഐ) ശാസ്ത്രീയ പരിശോധന നടത്തുക.
ശിവലിംഗമുണ്ടെന്ന് പറയപ്പെടുന്ന ഭാഗം(വുളുഖാന) പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് നാലിന് മുമ്പ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി എ.എസ്.ഐക്ക് നിര്‍ദേശം നല്‍കി.
രാവിലെ എട്ട് മുതല്‍ 12 മണിവരെ സര്‍വേ നടത്താനാണ് കോടതി അനുവാദം നല്‍കിയത്. മസ്ജിദില്‍ ഏതെങ്കിലും രീതിയിലുള്ള കേടുപാടുകള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും പ്രാര്‍ത്ഥനകള്‍ മുടങ്ങരുതെന്നും കോടതി നിര്‍ദേശിച്ചു.
ഹിന്ദു പ്രതിനിധികളുടെ ഹരജിയാണ് കോടതി പരിഗണിച്ചത്. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിയില്‍ കോടതിയില്‍ ശക്തമായി എതിര്‍പ്പ് അറിയിച്ചു. ശാസ്ത്രീയ പരിശോധന പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുമെന്ന് കമ്മിറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
നേരത്തെ നിലവിലുണ്ടായിരുന്ന ഹൈന്ദവ ക്ഷേത്രം പൊളിച്ചാണോ പള്ളി നിര്‍മിച്ചതെന്ന ഹരജിക്കാരുടെ ആവശ്യം കണ്ടെത്താനാണ് സര്‍വേ. ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് മുമ്പ് ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് വാദിച്ച് നാല് ഹിന്ദു സ്ത്രീകളാണ് കഴിഞ്ഞ മേയില്‍ കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം, പള്ളിയുടെ ജലസംഭരണി ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ നേരത്തെ സുപ്രീം കോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരുന്നു.