ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂട്ടിയിട്ടിരിക്കുന്ന നിലവറകളില്‍ എ.എസ്.ഐ പരിശോധന നടത്തണമെന്ന ഹരജിയില്‍ മസ്ജിദ് കമ്മിറ്റിക്ക് എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാനുള്ള സമയമനുവദിച്ച് വാരാണസി കോടതി. ഹരജിക്കെതിരെയുള്ള എതിര്‍പ്പുകള്‍ ഫെബ്രുവരി 28 വരെ ഫയല്‍ ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചു.
എ.എസ്.ഐ പരിശോധനയില്‍ മസ്ജിദ് കമ്മിറ്റിക്കുള്ള തീരുമാനവും നിലപാടും വ്യക്തമാക്കാനുള്ള അവസരമാണ് നിലവില്‍ ലഭിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ഗ്യാന്‍വാപി മസ്ജിദില്‍ അടഞ്ഞുകിടക്കുന്ന എല്ലാ ബേസ്‌മെന്റുകളിലും എ.എസ്.ഐ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് സനാതന്‍ സംഘിന്റെ സ്ഥാപക അംഗമായ രാഖി സിങ് വിശ്വ വേദ വാരാണസി ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മസ്ജിദില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് വാരണാസി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ഹരജി ഫയല്‍ ചെയ്തത്.
അടച്ചിട്ടിരിക്കുന്ന എല്ലാ നിലവറകളും എ.എസ്.ഐയെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടതായി വിശ്വ വേദയുടെ അഭിഭാഷകന്‍ അനുപം ദ്വിവേദി പറഞ്ഞിരുന്നു. അടഞ്ഞുകിടക്കുന്ന നിലവറകളുടെ രൂപരേഖയും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ദ്വിവേദി സൂചിപ്പിച്ചിരുന്നു.
അടഞ്ഞുകിടക്കുന്ന ബേസ്‌മെന്റുകള്‍ക്കുള്ളില്‍ രഹസ്യ നിലവറകള്‍ ഉണ്ടെന്നും ഗ്യാന്‍വാപി മസ്ജിദിന് പിന്നിലുള്ള മുഴുവന്‍ സത്യങ്ങളും പുറത്തുകൊണ്ടുവരുന്നതിന് പള്ളിക്കുള്ളില്‍ സര്‍വേ നടത്തേണ്ടതുണ്ടെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlight: Varanasi court allows mosque committee to file objection to plea seeking inspection of Gyanvapi vaults