ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ പൂട്ടിയിട്ടിരിക്കുന്ന നിലവറകളില്‍ എ.എസ്.ഐ പരിശോധന നടത്തണമെന്ന ഹരജിയില്‍ മസ്ജിദ് കമ്മിറ്റിക്ക് എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യാനുള്ള സമയമനുവദിച്ച് വാരാണസി കോടതി. ഹരജിക്കെതിരെയുള്ള എതിര്‍പ്പുകള്‍ ഫെബ്രുവരി 28 വരെ ഫയല്‍ ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചു.
എ.എസ്.ഐ പരിശോധനയില്‍ മസ്ജിദ് കമ്മിറ്റിക്കുള്ള തീരുമാനവും നിലപാടും വ്യക്തമാക്കാനുള്ള അവസരമാണ് നിലവില്‍ ലഭിച്ചിട്ടുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ഗ്യാന്‍വാപി മസ്ജിദില്‍ അടഞ്ഞുകിടക്കുന്ന എല്ലാ ബേസ്‌മെന്റുകളിലും എ.എസ്.ഐ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് സനാതന്‍ സംഘിന്റെ സ്ഥാപക അംഗമായ രാഖി സിങ് വിശ്വ വേദ വാരാണസി ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മസ്ജിദില്‍ പൂജ ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് വാരണാസി കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ഹരജി ഫയല്‍ ചെയ്തത്.