| Monday, 20th February 2017, 4:53 pm

'എപ്പോഴാ ഒന്ന് കാണാന്‍ പറ്റുക?' ചാനല്‍ മേധാവിയില്‍ നിന്നും നേരിട്ട അനുഭവം വെളപ്പെടുത്തി നടി വരലക്ഷ്മി ശരത്കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു മുന്‍നിര ചാനലിന്റെ പ്രോഗ്രാം ഹെഡില്‍ നിന്നും തനിക്കുനേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാര്‍. പരിപാടി കഴിഞ്ഞ തന്നോട് സ്വകാര്യമായി എപ്പോഴാണ് കാണാന്‍ പറ്റുകയെന്ന് ചോദിച്ച് ഇയാള്‍ തന്നെ സമീപിച്ചെന്നാണ് വരലക്ഷ്മി പറയുന്നത്.


Also read ഒരു കൊല്ലമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് 


“ഒരു മുന്‍നിര ടി.വി ചാനലിന്റെ പ്രോഗ്രാം വിഭാഗം തലവനുമായി ചര്‍ച്ചയിലായിരുന്നു. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ അവസാനം അദ്ദേഹം ചോദിച്ചു “എപ്പോഴാണ് പുറത്ത് ഒന്ന് കാണാന്‍ പറ്റുക? എന്ന്. “ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിനാണോ?” എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം (ഒരു ചിരിയോടെയാണ് പറഞ്ഞത്) “അല്ല ജോലിക്കൊന്നുമല്ല.. മറ്റുചില കാര്യങ്ങള്‍ക്കാണ്” എന്നായിരുന്നു. എന്റെ ഞെട്ടലും ദേഷ്യവും അടക്കിപിടിച്ച് ” സോറി, എന്നെ വിട്ടേക്ക്” എന്നു ഞാന്‍ മറുപടി നല്‍കി. “അങ്ങനെയാണ് അല്ലേ. ശരി” എന്നു പറഞ്ഞ് അയാള്‍ പോകുകയും ചെയ്തു.” എന്നാണ് വരലക്ഷ്മി ട്വിറ്ററിലിട്ട കുറിപ്പില്‍ പറയുന്നത്.

ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ “സിനിമാ മേഖലയില്‍ ഇതൊക്കെ സാധാരണയാണ്” എന്നു പറഞ്ഞ് ആളുകള്‍ തള്ളുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു മാംസപിണ്ഡമെന്ന രീതിയില്‍ കൈകാര്യം ചെയ്യപ്പെടാന്‍ വേണ്ടിയല്ല താന്‍ സിനിമാ മേഖലയിലേക്കു വന്നതെന്നാണ് ഇവര്‍ക്കുള്ള തന്റെ മറുപടിയെന്നും വരലക്ഷ്മി വ്യക്തമാക്കി.

” സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമാണ്. എന്റെ പ്രഫഷനാണത്. ഞാന്‍ കഠിനമായി ജോലി ചെയ്യുന്നുണ്ട്. നന്നായി ചെയ്യാന്‍ കഴിയുന്നുമുണ്ട്. ഇത് മടുത്ത് പോകാന്‍ ഉദ്ദേശിക്കുന്നില്ല.” അവര്‍ വ്യക്തമാക്കി.

ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നതാണ് തന്റെ നിലപാടെന്നും അവര്‍ പറയുന്നു.

“ഞാനൊരു നടിയാണ്. സ്‌ക്രീനില്‍ ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നു എന്നതിനര്‍ത്ഥം എന്നോട് ഇത്തരത്തില്‍ അനാദരവോടെ സംസാരിക്കാമെന്നതാണ്. ഇതെന്റെ ജീവിതമാണ്. എന്റെ ശരീരമാണ്. എന്റെ ആഗ്രഹമാണ്. എന്നോട് മോശമായി പെരുമാറിയതുകൊണ്ട് എന്നെ ഇവിടെ നിന്നും പുറത്താക്കാമെന്ന് ഒരാണും കരുതേണ്ട.” അവര്‍ വ്യക്തമാക്കി.

ഇത് ചെറിയ സംഭവമല്ലേ ഇതൊന്നും ഇങ്ങനെ ഊതിവീര്‍പ്പിക്കേണ്ടതില്ലെന്നും ചിലര്‍ കരുതുന്നുണ്ടാവും. എന്നാല്‍ ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അവര്‍ പറയുന്നു.

“എങ്ങനെ പെരുമാറണമെന്നും എന്തു ധരിക്കണണെന്നും എങ്ങനെ സംസാരിക്കണമെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനു പകരം ലിംഗം കൊണ്ട് ചിന്തിക്കേണ്ട എന്ന് ആണുങ്ങളോട് പറയുകയാണ് വേണ്ടത്. സ്ത്രീകളെ സ്വതന്ത്രയും ശക്തയും കഴിവുള്ളവും തുല്യശക്തിയുള്ള മനുഷ്യരുമായി അംഗീകരിക്കാന്‍ തുടങ്ങുകയുമാണ് വേണ്ടത്. നന്നായി പെരുമാറാന്‍ പഠിപ്പിക്കേണ്ടത് പുരുഷനെയാണ്. എല്ലാ രക്ഷിതാക്കളും വീട്ടില്‍ നിന്നുതന്നെ അത് തുടങ്ങണം.” അവര്‍ പറയുന്നു.

വലിയൊരു പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിയുമെന്നതിനാല്‍ തന്നെ അധിക്ഷേപിച്ചയാളുടെ പേരുവെളിപ്പെടുത്താന്‍ പറ്റിയ സമയം ഇതല്ലെന്നും അതുകൊണ്ടാണ് പേരുപരാമര്‍ശിക്കാത്തതെന്നും വരലക്ഷ്മി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more