| Friday, 21st October 2022, 7:26 pm

ബെന്‍സെമയുടെ ഏറ്റവും വലിയ എതിരാളി മെസിയോ റൊണാള്‍ഡോയോ ലെവന്‍ഡോസ്‌കിയോ അല്ല, അത് ജീവനില്ലാത്ത മറ്റൊന്നാണ്!!

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗയില്‍ കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡ് – എല്‍കെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് റയല്‍ വിജയിച്ചിരുന്നു. ഫെഡ്രിക്കോ വാല്‍വെര്‍ഡേയും കരിം ബെന്‍സെമയും മാര്‍ക്കോ അസെന്‍സിയോയുമായിരുന്നു ഗോള്‍ കണ്ടെത്തിയത്.

എന്നാല്‍ ഈ 90 മിനിട്ടിനിടെ റയല്‍ മാഡ്രിഡ് ആറ് തവണയാണ് എല്‍കെയുടെ ഗോള്‍ വല കുലുക്കിയത്. എന്നാല്‍ അതില്‍ മൂന്നും റഫറി അനുവദിച്ചിരുന്നില്ല. ഗോള്‍ നേടിയതിന്റെ ആഘോഷം തുടങ്ങിയതിന് ശേഷമായിരുന്നു റഫറി ഗോള്‍ അനുവദിക്കാതിരുന്നത്.

കഴിഞ്ഞ ദിവസം റയലിനെ ശരിക്കും വട്ടം കറക്കിയത് വീഡിയോ അസിസ്റ്റന്റെ റഫറീയിങ് എന്ന വാര്‍ (VAR) ആയിരുന്നു. ആറ് തവണ ഗോള്‍ നേടിയിട്ടും മൂന്നെണ്ണവും വാര്‍ വഴി റഫറി അനുവദിക്കാതിരിക്കുകയായിരുന്നു.

ഇതാദ്യമായിട്ടാണ് ഒരു ടീമിന് ഒരു മത്സരത്തില്‍ തന്നെ മൂന്ന് തവണ വാര്‍ വഴി ഗോള്‍ അനുവദിക്കാതിരിക്കുന്നത്, അതില്‍ രണ്ട് ഗോളിന്റെ ഉടമയും കരീം ബെന്‍സെമ തന്നെയായിരുന്നു.

മത്സരത്തിന്റെ ആറാം മിനിട്ടിലായിരുന്നു റയല്‍ ആദ്യമായി എല്‍കെയുടെ വലയില്‍ നിറയൊഴിച്ചത്. ബെന്‍സെമയായിരുന്നു സ്‌കോറര്‍. എന്നാല്‍ വാര്‍ വഴിയുള്ള പരിശോധനയില്‍ റഫറി ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു.

മത്സരത്തിന്റെ 26ാം മിനിട്ടിലാണ് വാര്‍ വീണ്ടും റയലിന് വില്ലനായെത്തിയത്. ഡേവിഡ് ആല്‍ബ നേടിയ ഗോള്‍ വാര്‍ പരിശോധനയില്‍ നഷ്ടമായിരുന്നു.

തുടര്‍ന്ന് 60ാം മിനിട്ടില്‍ ബെന്‍സെമ വീണ്ടും ഗോള്‍ നേടിയെങ്കിലും വാര്‍ വീണ്ടും ചതിച്ചു.

ഒടുവില്‍ മത്സരത്തിന്റെ 75ാം മിനിട്ടിലാണ് താരത്തിന്റെ പേരില്‍ ഒരു ഗോള്‍ കുറിക്കപ്പെടുന്നത്. റോഡ്രിഗോയുടെ അസിസ്റ്റിലായിരുന്നു ബെന്‍സെമ ഗോള്‍ കണ്ടെത്തിയത്.

ഈ ഗോള്‍ നേട്ടത്തിന് പിന്നാലെ വാര്‍ വഴി പരിശോധിക്കുന്നില്ലേ എന്ന തരത്തിലായിരുന്നു ബെന്‍സെമയുടെ ഗോള്‍ ആഘോഷം.

ബെന്‍സെമക്ക് പുറമെ 11ാം മിനിട്ടില്‍ വാല്‍വെര്‍ഡേയും 89ാം മിനിട്ടില്‍ അസെന്‍സിയോയുമായിരുന്നു റയലിനായി ഗോള്‍ നേടിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരാനും റയലിനായി. 10 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും ഒരു സമനിലയുമടക്കം 28 പോയിന്റാണ് റയലിനുള്ളത്. രണ്ടാമതുള്ള ബാഴ്‌സയേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡാണ് റയലിനുള്ളത്.

ലാ ലീഗയില്‍ ഒക്ടോബര്‍ 23നാണ് റയലിന്റെ അടുത്ത മത്സരം. സെവിയ്യയാണ് എതിരാളികള്‍.

Content highlight: VAR denies 3 goals for Real Madrid, in a match against Elche in La Liga

We use cookies to give you the best possible experience. Learn more