| Monday, 15th November 2021, 2:40 pm

അഞ്ച് കോടി നഷ്ടപരിഹാരം നല്‍കാതെ റോഡിലിറങ്ങാന്‍ അനുവദിക്കില്ല; സൂര്യയ്‌ക്കെതിരെ വണ്ണിയാര്‍ സമുദായ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രത്തിനെതിരെ വണ്ണിയാര്‍ സമുദായം. ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആരോപണം.

സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജയ് ഭീം എന്ന ചിത്രത്തിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

വണ്ണിയാര്‍ സമുദായത്തിന്റെ നേതാവിന്റെ പേര് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുകയായിരുന്നെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു.

മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നും സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൂര്യയെ പരസ്യമായി ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പട്ടാണി മക്കല്‍ കച്ചിയും പറഞ്ഞു.

‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് എം.പിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിനിമക്കെതിരേ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റൊരു സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് കത്തില്‍ പറഞ്ഞത്. സിനിമയില്‍ അനാവശ്യമായി വണ്ണിയാര്‍ സമുദായത്തിനെതിരായ വികാരമുണ്ടാക്കുന്നുണ്ട്.

ചിത്രത്തിലെ ക്രൂരനായ പോലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ലെങ്കില്‍ക്കൂടിയും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായി. സമുദായാംഗങ്ങള്‍ക്ക് ഇതില്‍ വേദനയും അമര്‍ഷവുമുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല.

ഇങ്ങനെയാണെങ്കില്‍ അടുത്ത സിനിമകള്‍ റിലീസാകുമ്പോള്‍ പ്രേക്ഷകരും ദേഷ്യം കാണിക്കും. അത് ഒഴിവാക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more