കോഴിക്കോട്: ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതനെ സി.പി.ഐ.എം നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.
തീവ്ര ഹിന്ദുത്വ വാദിയും സ്ത്രീ വിരുദ്ധനുമായ വ്യക്തിയെയാണോ വനിതാ മതിലിന്റെ മുഖ്യ ചുമതലക്കാരനാക്കിയത് എന്ന് സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ ചോദ്യമുന്നയിക്കുന്നുണ്ട്. മതം മാറിയ ഹാദിയയെ കൊല്ലാന്‍ പിതാവിന് അവകാശമുണ്ടെന്ന ആഹ്വാനവും സുഗതന്‍ നടത്തിയിരുന്നു. അഖിലയുടെ (ഹാദിയ) പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നെന്നും ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ്മ ശാസ്ത്രങ്ങളാണ് നോക്കേണ്ടതെന്നും സുഗതന്‍ പറഞ്ഞിരുന്നു.
2017 ഒക്ടോബര്‍ പത്താംതിയ്യതി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് സുഗതന്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്തിരുന്നത്. ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ ഇറങ്ങിത്തിരിച്ചവളാണ് ഹാദിയയെന്നും തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സുഗതന്‍ പറഞ്ഞിരുന്നു.
“ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ തന്റെതന്നെ രക്തമായ അച്ഛനേയും അമ്മയേയും നരകതുല്ല്യമായ മാനസികാവസ്ഥയിലാക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്തത്തോടും ശത്രുപക്ഷത്തു ചേര്‍ന്നു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്”.- സുഗതന്‍ പറഞ്ഞിരുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. “കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്, ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല” എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി.
സര്‍ക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്. സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് വരേണ്ടതായിരുന്നു. എന്‍.എസ്.എസിനോട് വിപ്രതിപത്തിയില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞിരുന്നു. എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കമുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ എന്‍.എസ്.എസിനെ കൂടാതെ യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല.ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.