Entertainment
എന്റെ കരിയറില്‍ ഏറ്റവും വലിയ ബ്രേക്ക് തന്ന സിനിമ; കുട്ടികള്‍ക്ക് പോലും അവരുടെ പടം ഇഷ്ടമാകും: വാണി വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 03, 06:49 am
Sunday, 3rd November 2024, 12:19 pm

1995ല്‍ പുറത്തിറങ്ങിയ സിദ്ദീഖ് – ലാല്‍ ചിത്രമാണ് മാന്നാര്‍ മത്തായി സ്പീക്കിങ്. ഈ കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മുകേഷ്, ഇന്നസെന്റ്, സായ് കുമാര്‍, ബിജു മേനോന്‍, ഗീത വിജയന്‍, കെ.പി. ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, സുകുമാരി, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

1989ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങിന്റെ തുടര്‍ച്ചയായി ഇറങ്ങിയ ഈ സിനിമയില്‍ വാണി വിശ്വനാഥായിരുന്നു നായികയായി എത്തിയത്. മീര വര്‍മ എന്നായിരുന്നു വാണിയുടെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രമാണ് തനിക്ക് കരിയറില്‍ ബ്രേക്ക് നല്‍കിയതെന്ന് പറയുകയാണ് വാണി വിശ്വനാഥ്.

എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകളാണ് സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന സിനിമകളെന്നും ആ സമയത്ത് കുട്ടികള്‍ക്ക് പോലും അവരുടെ സിനിമകള്‍ ഇഷ്ടമാകുമെന്നും നടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി.

‘മാന്നാര്‍ മത്തായിയിലെ മീര വര്‍മ എന്ന കഥാപാത്രമാണ് ശരിക്കും വലിയ ബ്രേക്ക് തന്നത്. മച്ചാനെ വാ എന്‍ മച്ചാനെ വാ എന്ന് പറഞ്ഞ് ആ സിനിമയില്‍ ഒരു പാട്ടും ഉണ്ടായിരുന്നു. ഒരു കോമഡി ട്രൂപ്പ് പോലെയായിരുന്നു ആ സിനിമ. ഒരുപാട് ആളുകളും അതില്‍ അഭിനയിച്ചിരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകളാണ് സിദ്ദീഖ് – ലാല്‍ സിനിമകള്‍. ആ സമയത്ത് കുട്ടികള്‍ക്ക് പോലും അവരുടെ സിനിമകള്‍ ഇഷ്ടമാകും,’ വാണി വിശ്വനാഥ് പറയുന്നു.

ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ സൂസന്ന എന്ന സിനിമക്ക് ശേഷമാണ് മമ്മൂട്ടി ചിത്രമായ ഡാനിയില്‍ താന്‍ അഭിനയിച്ചതെന്നും നടി അഭിമുഖത്തില്‍ പറയുന്നു. ദി കിങ്ങിലും ഡാനിയിലും മമ്മൂട്ടിയുമായി തന്റെ കഥാപാത്രത്തിന് ആദ്യം എതിര്‍പ്പായിരുന്നെന്നും വാണി പറഞ്ഞു.

‘സൂസന്നയില്‍ അഭിനയിച്ചതോടെ സംവിധായകന്‍ ടി.വി. ചന്ദ്രന്‍ സാറിനൊപ്പം ഏത് സിനിമയും ചെയ്യാമെന്ന വിശ്വാസം എനിക്ക് വന്നു. അതുകൊണ്ട് തന്നെയായിരുന്നു ഡാനി എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഡാനിയില്‍ നായകന്‍ മമ്മൂക്കയായിരുന്നു.

കിങ്ങിലാണെങ്കിലും ഡാനിയിലാണെങ്കിലും അദ്ദേഹവുമായി എന്റെ കഥാപാത്രത്തിന് ആദ്യം എതിര്‍പ്പായിരുന്നു. കിങ്ങില്‍ മമ്മൂക്കയെ അടിക്കാന്‍ വേണ്ടി ഓങ്ങുമ്പോള്‍ മമ്മൂക്ക ഒരു ഡയലോഗ് പറയുന്നുണ്ട്. ഇനി നിന്റെ കൈ ഒരു ആണിന് നേരെയും ഉയരില്ലെന്ന്. എന്നാല്‍ ആ സിനിമക്ക് ശേഷമാണ് എന്റെ കൈ ഉയരുന്നത് (ചിരി),’ വാണി വിശ്വനാഥ് പറയുന്നു.


Content Highlight: Vani Viswanath Talks About Mannar Mathai Speaking Movie And Siddique – Lal