രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ദി കിംഗ്. 1995ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സ് ഐ.എ.എസ് ആയി എത്തിയത് മമ്മൂട്ടി ആയിരുന്നു. വാണി വിശ്വനാഥാണ് അസിസ്റ്റന്റ് കലക്ടര്‍ അനുരാ മുഖര്‍ജി ഐ.എ.എസായി എത്തിയത്.
ഈ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗിനെ കുറിച്ച് പറയുകയാണ് വാണി വിശ്വനാഥ്. മേലില്‍ ഒരു ആണിന്റെയും മുഖത്തിന് നേരെ നിന്റെ ഈ കൈ ഉയരില്ലെന്ന മമ്മൂട്ടിയുടെ ഡയലോഗിന് ശേഷമാണ് തന്റെ കൈ ഉയരുന്നതെന്നും അതിന് ശേഷമാണ് ആക്ഷന്‍ സിനിമകള്‍ വരുന്നതെന്നും നടി പറഞ്ഞു.
‘ദി കിംഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ ഒരു ഡയലോഗുണ്ട്. ‘മേലില്‍ ഒരു ആണിന്റെയും മുഖത്തിന് നേരെ നിന്റെ ഈ കൈ ഉയരില്ല. അത് എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ നീ ഒരു പെണ്ണായി പോയി. വെറും പെണ്ണ്’ എന്നതായിരുന്നു ആ ഡയലോഗ്. പക്ഷെ സത്യത്തില്‍ അതിന് ശേഷമാണ് എന്റെ കൈ ശരിക്കും ഉയരുന്നത്. ആ കാര്യം ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചാല്‍ എനിക്ക് പണ്ട് മുതല്‍ക്കേ തോന്നിയ ഒരു കാര്യമാണ്. ഈ ഡയലോഗ് കേട്ടതിന് ശേഷമാണ് ഞാന്‍ ഫുള്‍ ആക്ഷന്‍ സിനിമകള്‍ ചെയ്തത്. കിംഗിന് ശേഷമാണ് അത്തരം പടങ്ങള്‍ വരുന്നത്. ഈ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് കലക്ടറായിരുന്നു.
മമ്മൂക്കയുടെ കഥാപാത്രത്തെ അടിക്കാന്‍ കൈ ഓങ്ങുമ്പോഴാണ് ആ ഡയലോഗ് പറയുന്നത്. സെന്‍സുണ്ടാകണം എന്ന പഞ്ച് ഡയലോഗ് പറയുന്നതും എന്നോട് തന്നെയാണ്. അങ്ങനെയുള്ള എല്ലാ ഡയലോഗുകളും എന്നോട് തന്നെയാണ് പറയുന്നത് (ചിരി),’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Viswanath Talks About Mammootty’s Punch Dialogue In The King Movie