ആ സിനിമയില്‍ മമ്മൂക്ക എല്ലാ പഞ്ച് ഡയലോഗുകളും പറയുന്നത് എന്നോട്: വാണി വിശ്വനാഥ്
Entertainment
ആ സിനിമയില്‍ മമ്മൂക്ക എല്ലാ പഞ്ച് ഡയലോഗുകളും പറയുന്നത് എന്നോട്: വാണി വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th November 2024, 7:47 am

രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ദി കിംഗ്. 1995ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്‌സ് ഐ.എ.എസ് ആയി എത്തിയത് മമ്മൂട്ടി ആയിരുന്നു. വാണി വിശ്വനാഥാണ് അസിസ്റ്റന്റ് കലക്ടര്‍ അനുരാ മുഖര്‍ജി ഐ.എ.എസായി എത്തിയത്.

ഈ സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗിനെ കുറിച്ച് പറയുകയാണ് വാണി വിശ്വനാഥ്. മേലില്‍ ഒരു ആണിന്റെയും മുഖത്തിന് നേരെ നിന്റെ ഈ കൈ ഉയരില്ലെന്ന മമ്മൂട്ടിയുടെ ഡയലോഗിന് ശേഷമാണ് തന്റെ കൈ ഉയരുന്നതെന്നും അതിന് ശേഷമാണ് ആക്ഷന്‍ സിനിമകള്‍ വരുന്നതെന്നും നടി പറഞ്ഞു.

സെന്‍സുണ്ടാകണം സെന്‍സിബിളിറ്റിയുണ്ടാകണം എന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് അദ്ദേഹം പറയുന്നത് തന്റെ കഥാപാത്രത്തിനോടാണെന്നും വാണി കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ള എല്ലാ ഡയലോഗുകളും തന്നോടാണ് അദ്ദേഹം പറയുന്നതെന്നും നടി പറയുന്നു. മൈല്‍സ്റ്റോക്ക് മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.

‘ദി കിംഗ് എന്ന സിനിമയില്‍ മമ്മൂക്കയുടെ ഒരു ഡയലോഗുണ്ട്. ‘മേലില്‍ ഒരു ആണിന്റെയും മുഖത്തിന് നേരെ നിന്റെ ഈ കൈ ഉയരില്ല. അത് എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ നീ ഒരു പെണ്ണായി പോയി. വെറും പെണ്ണ്’ എന്നതായിരുന്നു ആ ഡയലോഗ്. പക്ഷെ സത്യത്തില്‍ അതിന് ശേഷമാണ് എന്റെ കൈ ശരിക്കും ഉയരുന്നത്. ആ കാര്യം ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചാല്‍ എനിക്ക് പണ്ട് മുതല്‍ക്കേ തോന്നിയ ഒരു കാര്യമാണ്. ഈ ഡയലോഗ് കേട്ടതിന് ശേഷമാണ് ഞാന്‍ ഫുള്‍ ആക്ഷന്‍ സിനിമകള്‍ ചെയ്തത്. കിംഗിന് ശേഷമാണ് അത്തരം പടങ്ങള്‍ വരുന്നത്. ഈ സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് കലക്ടറായിരുന്നു.

മമ്മൂക്കയുടെ കഥാപാത്രത്തെ അടിക്കാന്‍ കൈ ഓങ്ങുമ്പോഴാണ് ആ ഡയലോഗ് പറയുന്നത്. സെന്‍സുണ്ടാകണം എന്ന പഞ്ച് ഡയലോഗ് പറയുന്നതും എന്നോട് തന്നെയാണ്. അങ്ങനെയുള്ള എല്ലാ ഡയലോഗുകളും എന്നോട് തന്നെയാണ് പറയുന്നത് (ചിരി),’ വാണി വിശ്വനാഥ് പറയുന്നു.

Content Highlight: Vani Viswanath Talks About Mammootty’s Punch Dialogue In  The King Movie