Entertainment
ഒരാണിന് നേരെയും നിന്റെ കൈ ഉയരില്ലെന്ന മമ്മൂക്കയുടെ ഡയലോഗ്; അതിന് ശേഷമാണ് എന്റെ കൈ ഉയരുന്നത്: വാണി വിശ്വനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 02, 03:55 am
Saturday, 2nd November 2024, 9:25 am

രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ദി കിങ്ങ്. 1995ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്സ് ഐ.എ.എസ് ആയാണ് മമ്മൂട്ടി എത്തിയത്.

കിങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ അനുരാ മുഖര്‍ജി ഐ.എ.എസായി എത്തിയത് വാണി വിശ്വനാഥ് ആയിരുന്നു. മമ്മൂട്ടിയോടൊപ്പം അതിനുമുമ്പ് ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനിയിലും വാണി അഭിനയിച്ചിരുന്നു. ഇരു സിനിമകളിലും വാണി മമ്മൂട്ടിയെ എതിര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്.

ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത സൂസന്ന എന്ന സിനിമക്ക് ശേഷമാണ് ഡാനിയില്‍ അഭിനയിച്ചതെന്ന് പറയുകയാണ് വാണി വിശ്വനാഥ്. അടിപിടി ചിത്രങ്ങള്‍ ചെയ്യുന്ന സമയത്താണ് സൂസന്നയില്‍ അഭിനയിച്ചതെന്നും വാണി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

Vani Viswanath

ദി കിങ്ങില്‍ മമ്മൂട്ടിയെ അടിക്കാന്‍ വേണ്ടി ഓങ്ങുമ്പോള്‍ അദ്ദേഹം ‘ഇനി നിന്റെ കൈ ഒരു ആണിന് നേരെയും ഉയരില്ല’ എന്ന് പറയുന്നുണ്ടെന്നും എന്നാല്‍ അതിന് ശേഷമാണ് സിനിമകളില്‍ തന്റെ കൈ ഉയരുന്നതെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

‘ടി.വി. ചന്ദ്രന്‍ സാര്‍ എന്നെ സൂസന്ന എന്ന സിനിമയിലേക്ക് വിളിക്കുന്നത് ഞാന്‍ അടിപിടി ചിത്രങ്ങള്‍ ചെയ്യുന്ന സമയത്താണ്. ഞാന്‍ ചെയ്താല്‍ ആ കഥാപാത്രം നന്നാവില്ലെന്ന തോന്നലില്‍ അന്ന് സാറിനോട് ആ സിനിമ ചെയ്യില്ലെന്ന് പറയാമെന്ന് കരുതിയിരുന്നു.

ഞാന്‍ ആ മാസം പടമില്ലാത്തത് കൊണ്ട് മുടി വെട്ടിയിരുന്നു. സാറിനെ കണ്ടപ്പോള്‍ ഇങ്ങനെയുള്ള മുടിയുള്ള ആളെയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ടി.വി. ചന്ദ്രന്‍ സാര്‍ എന്നോട് കാണിച്ച വിശ്വാസമാണ് സൂസന്ന എന്ന സിനിമ.

അതിന് ശേഷമായിരുന്നു സാറിന്റെ തന്നെ ഡാനിയെന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ നെഗറ്റീവ് ഷേഡായിരുന്നു. സൂസന്നയില്‍ അഭിനയിച്ചതോടെ അദ്ദേഹത്തോടൊപ്പം ഏത് സിനിമയും ചെയ്യാമെന്ന വിശ്വാസം വന്നു. അതുകൊണ്ട് തന്നെയായിരുന്നു ഡാനിയില്‍ അഭിനയിക്കുന്നത്.

ഡാനിയില്‍ നായകന്‍ മമ്മൂക്കയായിരുന്നു. കിങ്ങിലാണെങ്കിലും ഡാനിയിലാണെങ്കിലും അദ്ദേഹവുമായി എന്റെ കഥാപാത്രത്തിന് ആദ്യം എതിര്‍പ്പായിരുന്നു. കിങ്ങില്‍ മമ്മൂക്കയെ അടിക്കാന്‍ വേണ്ടി ഓങ്ങുമ്പോള്‍ മമ്മൂക്ക ഒരു ഡയലോഗ് പറയുന്നുണ്ട്. ഇനി നിന്റെ കൈ ഒരു ആണിന് നേരെയും ഉയരില്ലെന്ന്. എന്നാല്‍ ആ സിനിമക്ക് ശേഷമാണ് എന്റെ കൈ ഉയരുന്നത് (ചിരി),’ വാണി വിശ്വനാഥ് പറയുന്നു.


Content Highlight: Vani Viswanath Talks About Mammootty And The King Movie