മലയാള സിനിമയില്‍ ഒരു കാലത്ത് ആക്ഷന്‍ നായികയെന്ന് വിളിപ്പേരുള്ള നടിയായിരുന്നു വാണി വിശ്വനാഥ്. മോളിവുഡിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു അന്ന് വാണിയെ വിശേഷിപ്പിച്ചിരുന്നത്. മലയാളം, തെലുങ്ക് സിനിമകളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വാണിക്ക് സാധിച്ചിരുന്നു. എന്നാല്‍ വിവാഹശേഷമാണ് വാണി സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.
രവീന്ദ്രന്‍ മാഷാണ് തന്നോട് ആദ്യമായി തന്റെ ഫാനാണെന്ന് പറയുന്നതെന്ന് പറയുകയാണ് വാണി വിശ്വനാഥ്. ആ കാര്യം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നെന്നും വാണി പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു നടി.
‘രവീന്ദ്രന്‍ മാഷാണ് എന്നോട് ആദ്യമായിട്ട് ഞാന്‍ വാണിയുടെ ഫാനാണെന്ന് പറയുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല. വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നു അത്. അതുപോലെ ആന്റണി സാര്‍ മുഖ്യമന്ത്രിയായിരിക്കേ എനിക്കൊരു അവാര്‍ഡ് തന്നിരുന്നു.
ഈ വാണി വിശ്വനാഥിനെ ഒന്ന് ജീവനോടെ കാണാനാണ് വന്നതെന്നാണ് അദ്ദേഹം പറഞ്ഞത് (ചിരി). അതൊക്കെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ചില സന്തോഷങ്ങളാണ്,’ വാണി വിശ്വനാഥ് പറയുന്നു.
1995ല്‍ പുറത്തിറങ്ങിയ സിദ്ദീഖ് – ലാല്‍ ചിത്രമായ മാന്നാര്‍ മത്തായി സ്പീക്കിങ്ങിലെ മീര വര്‍മയെന്ന കഥാപാത്രമാണ് തനിക്ക് കരിയറില്‍ ബ്രേക്ക് നല്‍കിയതെന്നും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകളാണ് സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന സിനിമകളെന്നും ആ സമയത്ത് കുട്ടികള്‍ക്ക് പോലും അവരുടെ സിനിമകള്‍ ഇഷ്ടമാകുമെന്നും വാണി പറഞ്ഞു.
വാണി വിശ്വനാഥ് അഭിനയിച്ച് റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
വാണി വിശ്വനാഥിന് പുറമെ സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍ തുടങ്ങി ഏകദേശം 70ഓളം പേരാണ് ഈ സിനിമക്കായി ഒന്നിക്കുന്നത്.
Content Highlight: Vani Viswanath Talks About Chief Minister AK Antony