മലയാളസിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് വാണി വിശ്വനാഥ്. 1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് വാണി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ അമ്പരപ്പിച്ച നടിയാണ് വാണി വിശ്വനാഥ്.
മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ വാണി അഭിനയിച്ചിട്ടുണ്ട്. ഹിറ്റ്‌ലര്‍, ഡാനി എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വാണി വിശ്വനാഥ്. ഹിറ്റ്‌ലറില്‍ അനിയത്തിമാരോട് മാപ്പ് ചോദിക്കാന്‍ വരുന്ന സീനിലും ഡാനിയില്‍ പൈസ ചോദിക്കുന്ന സീനിലും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ കണ്ട് വല്ലാതായിപ്പോയിട്ടുണ്ടെന്ന് വാണി പറഞ്ഞു. ആ കഥാപാത്രത്തോട് അങ്ങനെയൊക്കെ ചെയ്യണോ എന്നൊക്കെ തോന്നാറുണ്ടെന്നും വാണി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ഡയലോഗ് പറഞ്ഞാലോ എന്നുവരെ ചിന്തിച്ചിരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലക്ക് അങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ലെന്ന് അപ്പോള്‍ തന്നെ മനസിലായെന്നും വാണി കൂട്ടിച്ചേര്‍ത്തു. അത്രയും സീനിയറായിട്ടുള്ള ഒരു നടന്‍ നമ്മുടെ മുന്നില്‍ അങ്ങനെ ചെയ്യുക എന്നത് വലിയ ടാസ്‌കായിരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘ഹിറ്റ്‌ലറില്‍ മമ്മൂക്കയുടെ പെങ്ങളായിട്ടും, ഡാനിയില്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടുമാണ് അഭിനയിച്ചത്. രണ്ട് പടത്തിലും മമ്മൂക്കയോട് റൂഡ് ആയി ബിഹേവ് ചെയ്യുന്ന ക്യാരക്ടറായിരുന്നു എന്റേത്. ഹിറ്റ്‌ലറില്‍ അനിയത്തിമാരോട് മാപ്പ് ചോദിക്കാന്‍ വരുന്ന സീന്‍ എടുക്കുന്ന സമയത്ത് നമുക്ക് ആ ക്യാരക്ടറിനോട് പാവം തോന്നും. കാരണം, നമ്മള്‍ പുള്ളിയോട് വല്ലാതെ ദേഷ്യപ്പെടുകയാണ് ആ സീനില്‍. ഷൂട്ട് ചെയ്യുന്ന സമയത്ത് ആ ക്യാരക്ടറിനോട് പാവം തോന്നിയിട്ട്, അങ്ങനെയൊക്കെ പറയണോ എന്നൊക്കെ തോന്നിപ്പോകും.
അങ്ങനെയൊക്കെ ചിന്തിച്ചിട്ട് ഡയലോഗുകള്‍ മറന്നുപോകാറുണ്ട്. ഡാനിയില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി ക്രൂരതയുള്ള ക്യാരക്ടറായി മാറി. സൂസന്ന എന്ന സിനിമക്ക് ശേഷമായിരുന്നു ഡാനിയില്‍ എത്തിയത്. ആ ക്യാരക്ടറിന്റെ ചില മാനറിസങ്ങള്‍ ഡാനിയിലെ മാര്‍ഗരറ്റ് എന്ന ക്യാരക്ടറിനും ഉണ്ടായിരുന്നു.
പിന്നെ നമ്മളെക്കാള്‍ സീനിയറായിട്ടുള്ള ഒരു നടന്‍ നിസ്സഹായനായി നില്‍ക്കുന്നത് കാണുമ്പോള്‍ പുള്ളിയെ സഹായിക്കാന്‍ തോന്നും. പക്ഷേ ഒരു ആര്‍ട്ടിസ്റ്റ് ഒരിക്കലും അങ്ങനെയൊന്നും ചിന്തിക്കാന്‍ പാടില്ല എന്ന തിരിച്ചറിവ് വരും,’ വാണി വിശ്വനാഥ് പറഞ്ഞു.
Content Highlight: Vani Viswanath shares the shooting experience with Mammootty in Hitler movie