മലയാളസിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് വാണി വിശ്വനാഥ്. 1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് വാണി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ അമ്പരപ്പിച്ച നടിയാണ് വാണി വിശ്വനാഥ്.
വിവാഹത്തിന് ശേഷം 12 വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ പോവുകയാണ്. തിരിച്ചുവരവില്‍ താന്‍ ചെയ്യുന്ന സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് വാണി വിശ്വനാഥ്. തിരിച്ചുവരവില്‍ താന്‍ ആദ്യം കേട്ട കഥ ആസാദിയാണെന്നും അതിന്റെ ഷൂട്ട് കഴിഞ്ഞ് ചില സാങ്കേതികകാരണങ്ങള്‍ കൊണ്ട് വൈകിയെന്നും വാണി വിശ്വനാഥ് പറഞ്ഞു.
പിന്നീട് ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ്ബിലേക്ക് വിളിച്ചതെന്നും ബാബുരാജിന് ഇഷ്ടമുള്ള ക്രൂവാണ് അതെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. ആ സിനിമ മിസ്സാക്കരുതെന്നും തന്നോട് ചെയ്യാന്‍ പറഞ്ഞത് ബാബുരാജാണെന്നും വാണി വിശ്വനാഥ് പറഞ്ഞു. വളരെ ഐക്‌സൈറ്റിങ്ങായിട്ടുള്ള ക്രൂവാണ് റൈഫിള്‍ ക്ലബ്ബിന്റേതെന്നും നല്ല രസകരമായ സെറ്റാണ് അതെന്നും വാണി കൂട്ടിച്ചേര്‍ത്തു.
ആ രണ്ട് സിനിമകളും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എം.എ. നിഷാദ് ഒരു അന്വേഷണത്തിന്റെ തുടക്കത്തിന്റെ കഥയുമായി തന്റെയടുത്തേക്ക് വന്നതെന്നും ആ കഥാപാത്രം തനിക്ക് വളരെ ഇഷ്ടമായെന്നും വാണി പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
‘തിരിച്ചുവരണമെന്ന് ആഗ്രഹിച്ച സമയത്ത് ആദ്യം കേട്ട കഥ ആസാദിയുടെയാണ്. ശ്രീനാഥ് ഭാസിയാണ് ആ പടത്തിലെ നായകന്‍. നല്ല കഥയാണ്, അതുപോലെ എന്റെ ക്യാരക്ടര്‍ ഇന്‍ട്രെസ്റ്റിങ്ങാണ് എന്നൊക്കെ കണ്ടപ്പോള്‍ ആ പടം കമ്മിറ്റ് ചെയ്തു. പക്ഷേ കുറച്ച് ടെക്‌നിക്കല്‍ ഇഷ്യൂസ് കാരണം ആ പടം കുറച്ച് ഡിലേ ആണ്.
പിന്നീടാണ് ആഷിക് ആന്‍ഡ് ടീം റൈഫിള്‍ ക്ലബ്ബിന്റെ കഥയുമായി വന്നത്. ബാബുവേട്ടന് ആ ടീമിനെ വലിയ ഇഷ്ടമാണ്. ‘ഇത് നീ തന്നെ ചെയ്യണം, മിസ്സാക്കരുത്, നല്ല പടമാകും’ എന്നാണ് ബാബുവേട്ടന്‍ പറഞ്ഞത്. അങ്ങനെ ആ പടവും ചെയ്തു. അതിന്റെ സെറ്റ് വളരെ രസമുള്ളതായിരുന്നു.
കഥയായാലും മേക്കിങ്ങായാലും ആ പ്രൊജക്ടില്‍ ഞാന്‍ എക്‌സൈറ്റഡാണ്. അതിന് ശേഷമാണ് നിഷാദ് ഒരു അന്വേഷണത്തിന്റ തുടക്കം എന്ന സിനിമയുമായി വന്നത്. അതിലും അത്യാവശ്യം നല്ലൊരു ക്യാരക്ടറായതുകൊണ്ട് ആ സിനിമക്കും ഞാന്‍ ഓക്കെ പറഞ്ഞു. വേറെ സിനിമകളൊന്നും തത്കാലം കമ്മിറ്റ് ചെയ്തിട്ടില്ല,’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Viswanath shares her projects including Rifle Club