| Tuesday, 5th November 2024, 7:35 pm

തെലുങ്കില്‍ ഒരുപാട് തവണ ചെയ്തതുകൊണ്ട് മലയാളത്തില്‍ ആ കാര്യം ചെയ്യാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല: വാണി വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒരു കാലത്ത് ആക്ഷന്‍ നായികയെന്ന് വിളിപ്പേരുള്ള നടിയായിരുന്നു വാണി വിശ്വനാഥ്. മോളിവുഡിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു അന്ന് വാണിയെ വിശേഷിപ്പിച്ചിരുന്നത്. മലയാളത്തിന് പുറമെ തെലുങ്ക് സിനിമകളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വാണിക്ക് സാധിച്ചിരുന്നു. എന്നാല്‍ വിവാഹശേഷമാണ് വാണി സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.

ആക്ഷന്‍ സീനുകള്‍ മാത്രമല്ല, ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് വാണി തെളിയിച്ചിട്ടുണ്ട്. നന്ദലാല, മച്ചാനെ വാ തുടങ്ങിയ പാട്ടുകളില്‍ വാണിയുടെ ഡാന്‍സിനെ പ്രശംസിക്കുന്നവര്‍ കുറവല്ല. അത്തരം ഡാന്‍സ് സീനുകളില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് വാണി വിശ്വനാഥ്. തെലുങ്കില്‍ താന്‍ അഭിനയിച്ച എല്ലാ സിനിമയിലും മിനിമം നാല് പാട്ടെങ്കിലും ഉണ്ടാകാറുണ്ടെന്ന് വാണി വിശ്വനാഥ് പറഞ്ഞു. ആ നാല് പാട്ടിലും താന്‍ ഡാന്‍സ് ചെയ്യേണ്ടി വരുമെന്നും മലയാളത്തില്‍ അത്രക്കൊന്നും ഉണ്ടാകാറില്ലെന്നും വാണി കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ തുടക്കത്തിലൊന്നും ഡാന്‍സ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും പിന്നീട് തുടര്‍ച്ചയായി ഡാന്‍സ് ചെയ്യേണ്ടി വന്നെന്നും വാണി പറഞ്ഞു. ഇന്‍ഡിപ്പെന്‍ഡന്‍സിലെ നന്ദലാല, ഹിറ്റ്‌ലറിലെ അക്കരെ നിക്കണ ചക്കരമാവിന് എന്നീ പാട്ടിലൊക്കെ ഡാന്‍സ് ചെയ്തത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നും വാണി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് വാണി വിശ്വനാഥ് ഇക്കാര്യം പറഞ്ഞത്.

‘തെലുങ്കില്‍ ഏതാണ്ട് 60ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഓരോ സിനിമയും നാലോ അഞ്ചോ പാട്ടുകള്‍ ഉണ്ടാകും. ഈ പാട്ടിലെല്ലാം എനിക്ക് ഡാന്‍സുമുണ്ടാകും. അതൊക്കെ വെച്ച് നോക്കുമ്പോള്‍ മലയാളത്തില്‍ ഡാന്‍സ് ചെയ്തിട്ടുള്ളത് വളരെ കുറവാണ്. തെലുങ്കില്‍ ഒരുപാട് സിനിമകള്‍ ചെയ്തതിന് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

കരിയറിന്റെ തുടക്കത്തില്‍ മലയാളസിനിമയില്‍ എനിക്ക് അങ്ങനെ ഡാന്‍സൊന്നും കിട്ടിയിരുന്നില്ല. തിരിച്ചുവന്നപ്പോഴാണ് തുടര്‍ച്ചയായി ഡാന്‍സിനുള്ള അവസരം കിട്ടിയത്. മാന്നാര്‍ മത്തായിയിലെ മച്ചാനെ വാ, ഇന്‍ഡിപ്പെന്‍ഡന്‍സിലെ നന്ദലാലാ, ഹിറ്റ്‌ലറിലെ അക്കരെ നിക്കണ പാട്ടിലൊക്കെ എനിക്ക് ഒരുപാട് ഡാന്‍സ് ചെയ്യാനുണ്ടായിരുന്നു. ഹിറ്റ്‌ലറില്‍ ശോഭനയുടെ കൂടെയുള്ള ഡാന്‍സൊക്കെ നല്ല എക്‌സ്പീരിയന്‍സായിരുന്നു. ഇന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ പ്രത്യേക സുഖമാണ്,’ വാണി വിശ്വനാഥ് പറഞ്ഞു.

Content Highlight: Vani Viswanath shares about the movies she danced in Malayalam

We use cookies to give you the best possible experience. Learn more