| Thursday, 7th November 2024, 4:35 pm

ആക്ഷന്‍ റോളുകള്‍ ചെയ്തതുകൊണ്ടുള്ള ഏറ്റവും വലിയ ഡിസഡ്വാന്റേജ് അതായിരുന്നു: വാണി വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയാണ് വാണി വിശ്വനാഥ്. 1987ല്‍ മംഗല്യ ചാര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് വാണി തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലും സ്ഥിരം സാന്നിധ്യമായി വാണി വിശ്വനാഥ് മാറി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെപ്പോലെ ആക്ഷന്‍ രംഗങ്ങളില്‍ അമ്പരപ്പിച്ച നടിയാണ് വാണി വിശ്വനാഥ്.

എന്നാല്‍ അത്തരം ആക്ഷന്‍ വേഷങ്ങള്‍ കാരണം താന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെപ്പറ്റി സംസാരിക്കുകയാണ് വാണി. മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള സൂപ്പര്‍സ്റ്റാറുകളുടെ പെയറാകാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്ന് വാണി പറഞ്ഞു. ആക്ഷന്‍ സീനുകള്‍ ചെയ്യുന്നതിനാല്‍ തനിക്ക് അത്തരം കഥാപാത്രങ്ങള്‍ ചേരില്ലെന്ന് പല എഴുത്തുകാരും ചിന്തിച്ചതുകൊണ്ടായിരിക്കാം അങ്ങനെ വന്നതെന്ന് വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അവരെയെല്ലാം എതിര്‍ക്കുന്നതും അവരോട് കയര്‍ത്ത് സംസാരിക്കുന്നതുമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഉസ്താദിലെയും ദി ട്രൂത്തിലെയും തന്റെ കഥാപാത്രങ്ങള്‍ അതിന് ഉദാഹരണമാണെന്നും വാണി പറഞ്ഞു. എന്നാല്‍ ആക്ഷന്‍ റോളുകള്‍ ചെയ്യുന്നതുകൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ പേടി കാരണം ആരും തന്റെയടുത്തേക്ക് വന്നിരുന്നില്ലെന്നും വാണി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വാണി വിശ്വനാഥ് ഇക്കാര്യം പറഞ്ഞത്.

‘ആക്ഷന്‍ റോളുകള്‍ കൂടുതല്‍ ചെയ്തതുകൊണ്ട് അഡ്വാന്റേജും ഉണ്ടായിട്ടുണ്ട്, ഡിസഡ്വാന്റേജും ഉണ്ടായിട്ടുണ്ട്. അഡ്വാന്റേജ് എന്താണെന്ന് വെച്ചാല്‍ പുറത്തേക്ക് പോകുമ്പോള്‍ പേടി കാരണം ആരും എന്റെയടുത്തേക്ക് വരാറില്ല. ഉദ്ഘാടനങ്ങള്‍ക്ക് പോയാലും ആരും അധികം മൈന്‍ഡ് ചെയ്യാറില്ല. ഡിസഡ്വാന്റേജ് എന്താണെന്ന് വെച്ചാല്‍ സൂപ്പര്‍സ്റ്റാറുകളുടെ പെയറായിട്ട് എന്നെ വിളിക്കാറില്ല. മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ പെയറാകണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ ആക്ഷന്‍ സീനുകള്‍ ചെയ്യുന്ന എന്നെ പിടിച്ച് അവരുടെ പെയറാക്കണ്ട എന്ന് റൈറ്റേഴ്‌സിനും ഡയറക്ടേഴ്‌സിനും തോന്നിക്കാണണം. പക്ഷേ അവരെയെല്ലാം ചീത്തവിളിക്കാന്‍ എനിക്ക് പറ്റിയിട്ടുണ്ട്. ഉസ്താദില്‍ ലാലേട്ടനെ, ദി ട്രൂത്തില്‍ മമ്മൂക്കയെയൊക്കെ ചീത്ത വിളിച്ചിട്ടുണ്ട്. ആദ്യം അവരോടെല്ലാം ഉടക്കാകുന്ന ക്യാരക്ടറുകളാണ് കൂടുതലും കിട്ടിയിരുന്നത്,’ വാണി വിശ്വനാഥ് പറഞ്ഞു.

Content Highlight: Vani Viswanath shares about her disadvantage when she did action roles

We use cookies to give you the best possible experience. Learn more