മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ വളരെ ശക്തമായ കഥാപാത്രങ്ങളിലായിരുന്നു വാണി എത്തിയത്. തെലുങ്കിലും നിരവധി സിനിമകളുടെ ഭാഗമായ നടിയാണ് വാണി വിശ്വനാഥ്.
ഇപ്പോള്‍ തെലുങ്ക് ഇന്‍ഡസ്ട്രിയെ കുറിച്ച് പറയുകയാണ് വാണി. തെലുങ്ക് ഇന്‍ഡസ്ട്രിയെ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ഈയിടെ കാമിയോ റോളില്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചുവെന്നും നടി പറഞ്ഞു. ന്യൂസ് 18 കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി. ഇതിനിടയില്‍ തെലുങ്കില്‍ നിന്ന് ചിലര്‍ തന്നെ രാഷ്ട്രീയത്തിലേക്ക് വിളിച്ചിരുന്നെന്നും എന്നാല്‍ പോകാന്‍ കഴിഞ്ഞില്ലെന്നും വാണി വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
‘തെലുങ്ക് ഇന്‍ഡസ്ട്രിയെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതിന് മുമ്പ് ഞാന്‍ കാമിയോ റോളില്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചിരുന്നു. ബോയപതി ശ്രീനു എന്ന സംവിധായകന്റെ സിനിമയില്‍ ആയിരുന്നു ആ കാമിയോ ചെയ്തത്.
ആ സമയത്താണ് ഞാന്‍ തെലുങ്ക് ഇന്‍ഡസ്ട്രിയുടെ മാറ്റങ്ങള്‍ അറിയുന്നത്. ഇതിന്റെ ഇടയില്‍ എന്നെ ചിലര്‍ രാഷ്ട്രീയത്തിലേക്ക് വിളിച്ചിരുന്നു. അപ്പോള്‍ പോകണം എന്നുണ്ടായിരുന്നു. പക്ഷെ പോകാന്‍ കഴിഞ്ഞില്ല. ടി.ഡി.പിയിലേക്ക് (തെലുങ്ക് ദേശം പാര്‍ട്ടി) ആയിരുന്നു വിളിച്ചത്.
ചുരുക്കത്തില്‍ ഞാന്‍ തെലുങ്കിലുമുണ്ട് മലയാളത്തിലുമുണ്ട്. തെലുങ്കിനേക്കാള്‍ ഞാന്‍ മലയാളത്തിലായിരുന്നു കൂടുതല്‍ പടങ്ങളില്‍ അഭിനയിച്ചിരുന്നത്. തെലുങ്കില്‍ ഏകദേശം 60 സിനിമകളിലാണ് നായികയായി അഭിനയിച്ചത്,’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Viswanath Says Telugu Film Industry Called Her Into Politics