മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് വാണി വിശ്വനാഥ്. ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ എന്നായിരുന്നു വാണിയെ വിശേഷിപ്പിച്ചിരുന്നത്. സിനിമയില്‍ പലപ്പോഴും നായകനേക്കാള്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടിക്ക് എളുപ്പം സാധിച്ചിരുന്നു.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ വളരെ ശക്തമായ കഥാപാത്രങ്ങളിലായിരുന്നു വാണി എത്തിയത്.
വാണി വിശ്വനാഥിന്റേതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് റൈഫിള്‍ ക്ലബ്. ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നായിരുന്നു.
സിനിമയില്‍ ഇട്ടിയാനം എന്ന ശക്തമായ കഥാപാത്രമായിട്ടാണ് വാണി വിശ്വനാഥ് എത്തിയത്. നായകന് മാത്രം പ്രാധാന്യം കൊടുക്കുന്നതിന് പകരം ഇന്നത്തെ ആക്ഷന്‍ സിനിമകളില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം കൊടുക്കുന്നതിനെ കുറിച്ചും എല്ലാവര്‍ക്കും പഞ്ച് ഡയലോഗുകള്‍ നല്‍കുന്നതിനെ കുറിച്ചും പറയുകയാണ് നടി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാണി വിശ്വനാഥ്.
റൈഫിള്‍ ക്ലബില്‍ എല്ലാവര്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ടെന്നും എന്നാല്‍ പണ്ടത്തെ ആക്ഷന്‍ സിനിമകളില്‍ ഇങ്ങനെ അല്ലെന്നുമാണ് നടി പറയുന്നത്. വലിയ പേജ് ഡയലോഗുകളും ആക്ഷനും ജമ്പിങ്ങുമുള്ളതാണ് ഒരു ആക്ഷന്‍ ഫിലിം എന്നായിരുന്നു അന്നത്തെ ധാരണയെന്നും ആ ധാരണ റൈഫില്‍ ക്ലബ് മാറ്റിയെന്നും വാണി പറഞ്ഞു.
‘റൈഫിള്‍ ക്ലബില്‍ എല്ലാവര്‍ക്കും അവരവരുടേതായ പ്രാധാന്യം ഉണ്ടായിരുന്നു. പണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ആയിരുന്നില്ല. ഓരോരുത്തര്‍ക്കും വലിയ പേജ് അല്ലെങ്കില്‍ ഒരുപാട് പേജ് ഡയലോഗുകള്‍ ഉണ്ടാകുമായിരുന്നു. പിന്നെ ആക്ഷനും ജമ്പിങ്ങുമൊക്കെ ഉണ്ടായിരുന്നു.
അതൊക്കെ ഉള്ളതാണ് ഒരു ആക്ഷന്‍ ഫിലിം എന്നായിരുന്നു അന്നത്തെ ധാരണ. ആ ധാരണയൊക്കെ മാറ്റി മറിച്ച സിനിമയാണ് റൈഫിള്‍ ക്ലബ്. ലുക്ക് കൊണ്ട് പോലും ആക്ഷന്‍ പടം ഉണ്ടാക്കാമെന്നും അത്തരം പടം ആക്ഷനായി മാറാമെന്നും ഈ സിനിമ തെളിയിച്ചു,’ വാണി വിശ്വനാഥ് പറയുന്നു.
Content Highlight: Vani Viswanath Says Rifle Club Movie Changed The Perception Of Action Movie