| Thursday, 17th August 2023, 2:53 pm

'മുഴുവന്‍ കഥ കേട്ട് അഭിനയിച്ച ആദ്യ ചിത്രമാണ് അത്; മൂന്ന് മണിക്കൂറെടുത്താണ് സ്‌ക്രിപ്റ്റ് പറഞ്ഞത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നടി വാണി വിശ്വനാഥ്. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം പഴയ സിനിമകളെക്കുറിച്ചും നടി സംസാരിക്കുകയാണിപ്പോള്‍. താന്‍ ആദ്യമായി കഥ മുഴുവന്‍ കേട്ട് അഭിനയിച്ച ചിത്രം ഹിറ്റ്‌ലറാണെന്ന് പറയുകയാണ് വാണി. ഓരോ സീനും സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു തന്നെന്നും, മൂന്ന് മണിക്കൂറെടുത്താണ് കഥ പറഞ്ഞ് തീര്‍ന്നതെന്നും വാണി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മാന്നാര്‍ മത്തായിയുടെ ലൊക്കേഷനിലാണ് സിദ്ദിഖ് സര്‍ എനിക്ക് ഹിറ്റ്‌ലറിന്റെ കഥ പറഞ്ഞുതരുന്നത്. മൂന്ന് മണിക്കൂറാണ് കഥയെങ്കില്‍ മൂന്ന് മണിക്കൂറെടുത്ത് തന്നെയാണ് കഥയും പറയുന്നത്. ഷോട്ട് ബൈ ഷോട്ട് അല്ലെങ്കില്‍ സീന്‍ ബൈ സീന്‍ അങ്ങനെയാണ് കഥ പറയുന്നത്. ഇങ്ങനെ ഒരു കഥ കേള്‍ക്കുന്നത് ആദ്യമായിട്ടാണ്.

മുമ്പ്, വാണി ഇങ്ങനെ ചെയ്യണം എന്ന രീതിയിലാണ് സിനിമയുടെ കഥ പറയുന്നത്. അതിന്റെ ഒരു ഔട്ട്‌ലൈന്‍ മാത്രമല്ലെ ഞങ്ങള്‍ കേള്‍ക്കുന്നുള്ളൂ. പക്ഷേ കഥ മുഴുവന്‍ കേട്ട സിനിമ ഹിറ്റ്‌ലര്‍ ആണ്. സിദ്ദിഖ് സര്‍ പറയുമ്പോള്‍ അത് കേള്‍ക്കാനും ഒരു സന്തോഷമാണ്.

ചെറിയ കാര്യങ്ങള്‍ പോലും പറയും. അതിന്റെയിടയില്‍ വരുന്ന തമാശയും പറയും. അപ്പോള്‍ നമുക്ക് ഒരു പടം കാണണ്ട. പടം കണ്ടുകൊണ്ടാണ് നമ്മള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് പടം ചെയ്യാന്‍ ഈസിയായിരുന്നു,’ വാണി പറഞ്ഞു.

ഹിറ്റലറില്‍ മമ്മൂട്ടിയുടെ അഭിനയം കണ്ട് നോക്കി നിന്നിട്ടുണ്ടെന്നും വാണി പറഞ്ഞു. സിനിമയിലെ മമ്മൂക്കയുടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വന്തം അനിയത്തിമാരോട് ചോദിക്കുന്നത് പോലെ തോന്നാറുണ്ടെന്നും അവര്‍ പറഞ്ഞു.

‘പക്ഷേ ഹിറ്റ്‌ലറില്‍ മമ്മൂക്ക അഭിനയിക്കുമ്പോള്‍ നോക്കി നില്‍ക്കും. എന്റെ കഥാപാത്രം ഞാന്‍ മറക്കും. അടുത്തത് മമ്മൂക്കയെ ചീത്ത വിളിക്കേണ്ട കഥാപാത്രമായിരിക്കും. ഞാന്‍ അത് മറന്ന് നില്‍ക്കും.

മമ്മൂക്ക വന്നിട്ട് ‘നീ വിധവയാകുമെന്ന് ആലോചിച്ചാണ് അല്ലെങ്കില്‍ ഞാന്‍ അതും ചെയ്യുമെന്ന്’ പറയുന്ന സീനുണ്ട്. അതില്‍ ഞാന്‍ പുള്ളിയുടെ അഭിനയം കണ്ട് നോക്കി നില്‍ക്കുകയാണ്. അതിന് ശേഷം ഞാനാണ് ഡയലോഗ് പറയേണ്ടത്. പക്ഷേ ഞാന്‍ അത് മറന്നുപോയി. കയ്യിന്ന് പോയി. മമ്മൂക്കക്ക് അതില്‍ ഡയലോഗ് പറയുമ്പോള്‍ അനിയത്തിമാരോട് ചോദിക്കുന്ന പോലെയാണ് തോന്നുന്നത്,’ വാണി പറഞ്ഞു.

ഇടവേള സമയത്ത് നിരവധി കഥ കേട്ടിട്ടുണ്ടെന്നും ആ സിനിമകളില്‍ പിന്നീട് ഹിറ്റായതും ഫ്‌ലോപ്പായതുമായ സിനിമകളുണ്ടെന്നും വാണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൂപ്പര്‍ ഹിറ്റായ സിനിമകളില്‍ തന്നേക്കാള്‍ നല്ലതായിട്ടാണ് അവര്‍ ചെയ്തിട്ടുണ്ടാകുകയെന്നും അതുകൊണ്ട് സിനിമ വിട്ടുകളഞ്ഞതില്‍ സങ്കടം തോന്നാറില്ലെന്നും നടി പറഞ്ഞു. എല്ലാവരും നന്നായി ചെയ്ത് സിനിമ ഹിറ്റാകുമ്പോള്‍ സന്തോഷമേയുള്ളുവെന്നും വാണി വ്യക്തമാക്കി.

ജോ. ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വാണി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത്. രവീണ രവിയാണ് നായിക. സംവിധായകന്‍ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ.

സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഓഗസ്റ്റ് രണ്ട് ബുധനാഴ്ച്ച ലാല്‍ നിര്‍വഹിച്ചിരുന്നു.

content highlights: Vani viswanath about hitler movie

We use cookies to give you the best possible experience. Learn more