| Saturday, 23rd October 2021, 10:20 am

ഈ തിരിച്ചുവരവില്‍ സന്തോഷം മാത്രം; സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ച് വാണി വിശ്വനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

7 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നടി വാണി വിശ്വനാഥ്. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായി തന്നെയാണ് വാണി തിരിച്ചെത്തുന്നത്.

ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നു. ‘ദി ക്രിമിനല്‍ ലോയര്‍’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

നവാഗതനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ്.മോഹനാണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് വാണി വിശ്വനാഥ്. വീണ്ടും മലയാളി പ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നത് കൂടുതല്‍ സന്തോഷം പകരുന്നെന്നും വാണി വിശ്വനാഥ് പറഞ്ഞു.

ഇങ്ങനെയൊരു കഥാപാത്രത്തിന് വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവെച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം,വാണി വിശ്വനാഥ് പറഞ്ഞു.

ക്രൈം-ത്രില്ലര്‍ സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും നല്ലൊരു കഥാപാത്രമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.

മാന്നാര്‍ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം, വാണി പറഞ്ഞു.

2014ല്‍ പുറത്തിറങ്ങിയ മാന്നാര്‍ മത്തായി 2 വിലാണ് വാണി അവസാനമായി അഭിനയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vani Viswanath About Her Come Back to Cinema

We use cookies to give you the best possible experience. Learn more