ഒന്നാംക്ലാസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം: പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍
Kerala News
ഒന്നാംക്ലാസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം: പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 4:00 pm

വണ്ടിപ്പെരിയാര്‍: ഇടുക്കി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ പ്രധാന അധ്യാപകന് സസ്‌പെന്‍ഷന്‍.

അധ്യാപിക ഷീല അരുള്‍ റാണിയെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ ഒളിവിലാണ്. ഹെഡ്മാസ്റ്റര്‍ ബാബുരാജിനെയാണ് ഇടുക്കി ഡി.ഡി.ഇ സസ്പെന്‍ഡ് ചെയ്തത്.


Read:  തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി: സഹായകമായത് യുവാവിന്റെ ട്വീറ്റ്


ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് നടപടി. അധ്യാപികയ്‌ക്കെതിരെ മാതാപിതാക്കള്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രധാന അധ്യാപകന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

പൊലീസിലോ ചൈല്‍ഡ് ലൈനിലോ വിവരമറിയിക്കാതെ കേസ് ഒത്തു തീര്‍പ്പാക്കാനാണ് പ്രധാന അധ്യാപകന്‍ ശ്രമിച്ചത്. വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ശേഷം വൈകുന്നേരമാണ് പ്രധാന അധ്യാപകന്‍ എ.ഇ.ഒക്ക് വിവരങ്ങള്‍ കൈമാറിയത്.


Read: ചില കാര്യങ്ങള്‍ ഇതുവരെ ”അമ്മ” മനസിലാക്കിയിട്ടില്ല: കൂടെ നില്‍ക്കാന്‍ പ്രചോദനമായത് അവളുടെ ധൈര്യം: രേവതി


വണ്ടിപ്പെരിയാര്‍ ടൗണില്‍ താമസിക്കുന്ന ബാലസുബ്രഹ്മണ്യം, ഭാഗ്യലക്ഷ്മി ദമ്പതികളുടെ മകനായ 6 വയസുകാരനാണ് അധ്യാപികയുടെ ക്രൂര മര്‍ദനമേറ്റത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ സ്‌കൂളില്‍ ചെന്നപ്പോള്‍ വരയിട്ട നോട്ടില്‍ ശരിയായ രീതിയില്‍ എഴുതാത്തതിനെ തുടര്‍ന്ന് അധ്യാപിക ചൂരല്‍ ഉപയോഗിച്ച് കുട്ടിയുടെ പുറത്ത് അടിക്കുകയായിരുന്നു. ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.