ഇടുക്കി: വണ്ടിയിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന് കുത്തേറ്റു. കേസിൽ കോടതി വെറുതെവിട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്.
വണ്ടിപ്പെരിയാർ ടൗണിൽ വെച്ച് പെൺകുട്ടിയുടെ അച്ഛനും അർജുന്റെ പിതാവിന്റെ സഹോദരനും തമ്മിൽ കേസിനെ ചൊല്ലി വാക്ക് തർക്കമുണ്ടായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞുപോയി.
പിന്നീട് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി. പെൺകുട്ടിയുടെ അച്ഛനെ ഇയാൾ കുത്തിയതിനെ തുടർന്ന് കാലിൽ പരിക്കേറ്റു. തുടർന്ന് വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയുടെ ബന്ധുക്കൾ തങ്ങളെ ഉപദ്രവിക്കുന്നു എന്നാരോപിച്ച് അർജുനും കുടുംബവും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി അർജുന്റെ കുടുംബത്തിന് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞദിവസം കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.
പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ കീഴ്കോടതി പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നാണ് സർക്കാരിന്റെ ആരോപണം.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാൾ കുരങ്ങി മരിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായി എന്നും കൊലപാതകമാണെന്നും കണ്ടെത്തി.
തുടർന്നാണ് അർജുൻ അറസ്റ്റിലായത്.
മാതാപിതാക്കൾ ജോലിക്ക് പോയ സമയം മുതലെടുത്ത് മൂന്ന് വയസ്സ് മുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചില്ല എന്ന് കണ്ടെത്തി അർജുനെ കോടതി വെറുതെ വിടുകയായിരുന്നു.
Content Highlight: Vandipperiya Rape case; Girl’s stabbed by Arjun’s relative