വണ്ടിപ്പെരിയാറില്‍ കൊവിഡ് രോഗിയെ കൊണ്ടു പോകാന്‍ ആംബുലന്‍സെത്തിയില്ല; നിരാഹാര സമരവുമായി കുടുംബം
Kerala
വണ്ടിപ്പെരിയാറില്‍ കൊവിഡ് രോഗിയെ കൊണ്ടു പോകാന്‍ ആംബുലന്‍സെത്തിയില്ല; നിരാഹാര സമരവുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th October 2020, 4:02 pm

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ കൊവിഡ് ബാധിച്ച രോഗിയുടെ കുടുംബം ആരോഗ്യ വകുപ്പിന്റെ അവഗണനയെ തുടര്‍ന്ന് നിരാഹാര സമരത്തില്‍. ആരോഗ്യ വകുപ്പിനോട് ആംബുലന്‍സ് സേവനം ആവശ്യപ്പെട്ടിട്ടും എത്തിച്ചു നല്‍കാതെ സ്വന്തമായി വാഹനമില്ലാത്ത രോഗിയോട് ടൗണില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി.

വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് നിവാസിയായ കൊവിഡ് രോഗിയുടെ കുടുംബമാണ് നിരാഹാര സമരമിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ പി.എച്ച്.സി ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഇടുങ്ങിയ റോഡായതിനാലാണ് ആംബുലന്‍സിന് വീട്ടിലെത്തി രോഗികളെ കൊണ്ടുപോകാന്‍ സാധിക്കാത്തത് എന്ന് ഇഞ്ചിക്കാട് വാര്‍ഡ് മെമ്പര്‍ സുഗന്ധി പി.പി ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.

എസ്റ്റേറ്റ് വെട്ടിയുണ്ടാക്കിയ റോഡായതിനാല്‍ ആംബുലന്‍സ് തിരിക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് രോഗിയെ കൂട്ടികൊണ്ടു പോകാന്‍ കഴിയാതിരുന്നതെന്നാണ് ആശ വര്‍ക്കറോട് അന്വേഷിച്ചപ്പോള്‍ മനസിലായതെന്നും സുഗന്ധി കൂട്ടിച്ചേര്‍ത്തു. മെയിന്‍ റോഡിലേക്ക് എത്താന്‍ രോഗിയുടെ ആവശ്യപ്പെട്ടിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വീതിയുള്ള റോഡാണിതെന്ന് സമരം ചെയ്യുന്ന രോഗിയുടെ കുടുംബം പറയുന്നു. കുട്ടിക്കാനത്തെ ആശുപത്രിയിലേക്കാണ് വണ്ടിപ്പെരിയാറിലുള്ള കൊവിഡ് രോഗികളെ എത്തിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vandiperiyar Covid patient family fast strike claiming health department negligence