എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്‌തെന്ന് മനോരമ വാര്‍ത്ത ; താന്‍ അറിയാതെയെന്നോ എന്ന് കോളേജിലെ പ്രിന്‍സിപ്പാള്‍; വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
Kerala News
എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്‌തെന്ന് മനോരമ വാര്‍ത്ത ; താന്‍ അറിയാതെയെന്നോ എന്ന് കോളേജിലെ പ്രിന്‍സിപ്പാള്‍; വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th September 2018, 9:33 pm

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ പൊളിടെക്‌നിക് കോളെജില്‍ വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്‌തെന്ന മനോരമ ന്യൂസിന്റെ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി  കോളേജ് പി.ടി.എ.

ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ വിദ്യാര്‍ഥിനി വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ റാഗിങിനിരയായെന്നും ജീവനുഭീഷണിയെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചന്നുമായിരുന്നു മനോരമ ന്യൂസിന്റെ വാര്‍ത്ത. വിദ്യാര്‍ഥിനിയുടെ പിതാവ് പറഞ്ഞതായാണ് വാര്‍ത്ത നല്‍കിയത്.

Also Read പഠിക്കുന്നത് എല്‍.കെ.ജിയില്‍ അല്ല എം.ബി.ബി.എസിനാണ്’; 7.30ന് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന സമയപരിധി മാറ്റാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം

സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു എന്നും വാര്‍ത്തയില്‍ ഉണ്ട്. എന്നാല്‍ താന്‍ പ്രിന്‍സിപ്പാളായ കോളേജില്‍ ഇങ്ങിനെയൊക്കെ സംഭവിച്ചോ എന്ന്  പ്രിന്‍സിപ്പാള്‍ അഞ്ജന ശിവദാസ് വാര്‍ത്തയ്ക്ക് താഴേ കമന്റ് ചെയ്തിരുന്നു.

തീര്‍ത്തും ഏകപക്ഷീയമായാണ് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതെന്നാണ് അഞ്ജന ശിവദാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. നിരന്തരം മനോരമ ഇത്തരത്തില്‍ വാര്‍ത്ത നല്‍കുകയും തുടര്‍ന്ന് ഒരു ദിവസം റിപ്പോര്‍ട്ടര്‍ തന്നെ വിളിച്ച് വാര്‍ത്ത കൊടുക്കാന്‍ പോകുകയാണെന്നും എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും അഞ്ജന പറയുന്നു.

ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും മനോരമ ഇത്തരത്തില്‍ തന്നെ വാര്‍ത്ത നല്‍കുകയായിരുന്നെന്നും അഞ്ജന പറയുന്നു. മനോരമ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം ആദ്യം സ്‌പോട്ട് അഡ്മിഷന്‍ കിട്ടിയെങ്കിലും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് ആലപ്പുഴയില്‍ നിന്നു ഇടുക്കിയിലെ പോളി ടെക്‌നിക്കിലെത്താന്‍ കഴിഞ്ഞില്ല. ഈ മാസം രണ്ടിനാണ് ഹോസ്റ്റലിലെത്തിയതെന്നും പറയുന്നു. പിറ്റേന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും സീനിയര്‍ വിദ്യാര്‍ഥികളും മുറിയിലെത്തി റാഗ് ചെയ്‌തെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. എട്ടുപേര്‍ ചേര്‍ന്ന് തൊഴിക്കുകയും കരണത്തടിക്കുകയും ചെയ്‌തെന്നും വണ്ടിപ്പെരിയാര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ രക്ഷിതാക്കളെത്തി നാട്ടിലേക്കു കൊണ്ടു പോയി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളിടെക്‌നിക്കിലെ ആന്റി റാഗിങ് സെല്ലിന് മൊഴി നല്‍കാനായി ബുധനാഴ്ച അച്ഛനോടൊപ്പം പെണ്‍കുട്ടി കോളജില്‍ എത്തിയപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടെന്നും ന്യൂസില്‍ ഉണ്ട്. മുറിയില്‍ പൂട്ടിയിട്ട അച്ഛനെയും മകളെയും പൊലീസ് എത്തി കുട്ടിക്കാനം വരെ കൊണ്ടുവിട്ടു.”കോളേജ് സുരക്ഷിതമല്ലെന്നും കോളജിലെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മൊഴി നല്‍കാന്‍ വരുന്ന വിവരം പ്രിന്‍സിപ്പല്‍ ചോര്‍ത്തിക്കൊടുത്തെന്ന് ആരോപണമുണ്ടെന്നും” മനോരമ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.

“13-08-2018നു മുന്‍പ് ടി.സിയും സി.സിയും ഹാജരാക്കും എന്ന വ്യവസ്ഥയില്‍ 8-8-2018 ലാണ് വിദ്യാര്‍ഥിനിക്ക് താല്‍ക്കാലിക അഡ്മിഷന്‍ കൊടുക്കുന്നത്. പ്രളയം വന്നതിനാല്‍ തീയതി 3-09-2019 വരെ നീട്ടി നല്‍കി. എന്നിട്ടും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തതിന്റെ കാരണം ഇപ്പോളും അറിയില്ലെന്നും” പ്രിന്‍സിപ്പാള്‍ പറയുന്നു.

“തുടര്‍ന്ന് 11-09-2018ന് 4 മണി സമയം നീട്ടി നല്‍കിയെന്നും ഈ പെണ്‍കുട്ടിയെ കൂടാതെ നാലുപേര്‍കൂടി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് 12-9-2018 ന് രജിസ്റ്ററില്‍ നിന്ന് പേര് റിമൂവ് ചെയ്‌തെന്നും” പ്രിന്‍സിപ്പാള്‍ പറയുന്നു.

“അഡ്മിഷന്‍ കിട്ടില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ കോളേജിനെ പരമാവധി അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശ്രമങ്ങള്‍ ആണിതൊക്കെ. ഈ കുട്ടി ലേഡീസ് ഹോസ്റ്റലില്‍ 2-09-2018 ന് ആണ് താമസിക്കാന്‍ വരുന്നത്. 4-09-2018 നു രാവിലെ താമസം മതിയാക്കുകയും ചെയ്തു”. അഞ്ജന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Also Read ഈ വിലാപം വൃത്തികേടാണ്, കണ്ണീരിന്റെ ദയ പോലുമര്‍ഹിക്കുന്നില്ല കരുണാകരന്റെ ചാരം !

“എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ എത്തി റാഗിങ് നടത്തിയിട്ടില്ലെന്ന്് ആന്റി റാഗിംങ് കമ്മറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ. പ്രസ്തുത കമ്മിറ്റിയില്‍ 10 പേരാണ് അംഗങ്ങള്‍ ആയി ഉള്ളത്. പഞ്ചായത് മെമ്പര്‍, ആദ്യവര്‍ഷ വിദ്യാര്‍ഥി, സീനിയര്‍ വിദ്യാര്‍ഥി, പൊലീസ് ഉദ്യോഗസ്ഥന്‍, പി.ടി.എ അംഗം ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍, നോണ്‍ ടീച്ചിംങ് സ്റ്റാഫ് എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. ഇതില്‍ എങ്ങിനെ ആണ് രാഷ്ട്രീയം ഉണ്ടാകുന്നത്” എന്നും പ്രിന്‍സിപ്പാള്‍ ചോദിക്കുന്നു.

വസ്തുതാവിരുദ്ധമായ വാര്‍ത്ത ആണിത്. കോളേജ് ക്യാമ്പസിനുള്ളില്‍ ഒരു ദിവസം മാത്രം ഉണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐക്കാര്‍ ക്രൂരമായി റാഗിങ് നടത്തിയത് എങ്ങിനെ എന്ന് ഇനിയും മനസ്സില്‍ ആക്കേണ്ടി ഇരിക്കുന്നു എന്നും അഞ്ജന പറയുന്നു.

Also Read കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

1998 ല്‍ സ്ഥാപിതമായ ഈ കോളേജില്‍ ഇന്നേവരെ റാഗിംങ് സംബന്ധിച്ച് യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും അഞ്ജന ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ തനിക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്നാല്‍ കോളെജിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് പി.ടി.എ പറയുന്നതെന്നും അഞ്ജന ഡൂള്‍ ന്യൂസിനോട് പറഞ്ഞു.