വന്ദേമാതരത്തിന് ജനഗണമനക്കൊപ്പം പ്രാധാന്യം നല്‍കണമെന്ന് ബി.ജെ.പി നേതാവ്; ഹര്‍ജി തള്ളി ദല്‍ഹി ഹൈക്കോടതി
National Anthem
വന്ദേമാതരത്തിന് ജനഗണമനക്കൊപ്പം പ്രാധാന്യം നല്‍കണമെന്ന് ബി.ജെ.പി നേതാവ്; ഹര്‍ജി തള്ളി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2019, 2:29 pm

ന്യൂദല്‍ഹി : ദേശീയ ഗാനമായ ജനഗണമനയ്‌ക്കൊപ്പം തന്നെ വന്ദേമാതരത്തിനും പ്രാധാന്യം നല്‍കണമെന്ന ഹര്‍ജി തള്ളി ദല്‍ഹി ഹൈക്കോടതി. ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വന്ദേമാതരത്തെ ദേശീയ ഗാനമായോ ദേശീയ ഗീതമായോ പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിന് ഒരു യുക്തിയും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇപ്പോള്‍ തന്നെ വന്ദേമാതരത്തിന് ദേശീയ ഗീത പദവിയുണ്ടെന്ന് കോടതി പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്ത് ജനഗണമനയ്‌ക്കൊപ്പം തന്നെ സ്ഥാനം വന്ദേമാതരത്തിന് ഉണ്ടായിരുന്നുവെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കാരണമൊന്നുമില്ലെന്നാണ് കോടതി വിലയിരുത്തിയത്.