| Tuesday, 5th November 2024, 7:43 pm

സില്‍വര്‍ ലൈന്‍ ട്രാക്കില്‍ വന്ദേഭാരതിനെയും ഉള്‍പ്പെടുത്തണം; കേന്ദ്രം പുതിയ നിബന്ധനകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ റെയില്‍വേ പുതിയ നിബന്ധനകള്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ട്. ഗേജ്, അലൈന്‍മെന്റ് മാറ്റം ഉള്‍പ്പെടെയുള്ള പുതിയ നിബന്ധനകളായിരിക്കും മുന്നോട്ട് വെക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സില്‍വര്‍ ലൈനുമായി സംബന്ധിച്ച പുതിയ നിബന്ധനകള്‍ അടങ്ങുന്ന കത്ത് ദക്ഷിണ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും ഉടന്‍ അയക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രാക്ക് ഗേജിലെയും അലൈന്‍മെന്റിലേയും മാറ്റങ്ങളും നിലവിലെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും കത്തില്‍ പറയുന്നതായാണ് സൂചന.

അതേസമയം ഔദ്യോഗികമായ നടപടികള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യങ്ങളില്‍ പ്രതികരിക്കുകയുള്ളൂവെന്നാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പ്രതികരണം.

സില്‍വര്‍ ലൈന്‍ ട്രാക്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം ബ്രോഡ് ഗേജായി നവീകരിക്കണമെന്നും റെയില്‍വേ നിലവില്‍ ആസൂത്രണം ചെയ്യുന്ന മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ക്കായി സ്ഥലം റിസര്‍വ് ചെയ്തതിന് ശേഷം മാത്രമേ സില്‍വര്‍ ലൈനിന് വേണ്ടിയുള്ള ഭൂമി പരിഗണിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ ട്രാക്കുകളിലൂടെ വന്ദേഭാരതിനും ചരക്ക് തീവണ്ടികള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം അരമണിക്കൂര്‍ ലാഭത്തിന് വേണ്ടി ദുരന്തം വിളിച്ചുവരുത്തരുതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും നടപ്പിലാക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിര്‍ക്കുന്നതായും വി.ഡി. സതീശന്‍ പ്രതികരിച്ചു.

സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ- റെയില്‍ സാധ്യമാകുമെന്നും പദ്ധതി അടഞ്ഞ അധ്യായമല്ലെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

നേരത്തെ സമര്‍പ്പിച്ച പദ്ധതി രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സില്‍വര്‍ ലൈനില്‍ തുടര്‍നടപടികള്‍ക്കും സന്നദ്ധമാണെന്നുമാണ് കേന്ദ്രം അറിയിച്ചത്.

അങ്കമാലി-എരുമേലി- ശബരിപാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമെന്നും റെയില്‍വേ മന്ത്രി അറിയിച്ചിരുന്നു.

Content Highlight: Vandebharat should also be included in the Silver Line track; It is reported that the center will give new conditions

We use cookies to give you the best possible experience. Learn more