‘വന്ദേ ഭാരത് എന്ന ഈ മഹാദൗത്യത്തിലൂടെ ഞങ്ങളിതാ ഇവിടുത്തെ പ്രവാസികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു. മഹത്തായ ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ഒടുവില്‍ ഞങ്ങള്‍ വിജയം കണ്ടിരിക്കുന്നു” എന്നൊക്കെയുള്ള വലിയ അവകാശവാദങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ വിദേശരാജ്യങ്ങളില്‍പെട്ടുപോയ ഇന്ത്യാക്കാരെ രക്ഷിക്കുന്നതിനായി ഫലപ്രദമായ എന്തെങ്കിലും നടപടികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നോ എന്നത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള രാജ്യാന്തരനിയന്ത്രണങ്ങളുടെ ഭാഗമായി വ്യോഗമഗതാഗതങ്ങള്‍ നിര്‍ത്തലാക്കിയത് മൂലം വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ നമ്മുടെ പ്രവാസികളുടെ ആശങ്കകള്‍ക്ക് ഇപ്പോള്‍ പതിയെ പരിഹാരങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുകയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ആദ്യഘട്ടവിമാനങ്ങള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. വരും ദിസവങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലെത്തും. എന്നാല്‍ പ്രവാസികളുടെ മടങ്ങിവരവിന് വന്ദേ ഭാരത് എന്ന പേര് നല്‍കി തങ്ങളുടെ ഒരു വലിയ മിഷന്റെ വിജയമായി അവതരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. അത് കാണുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഇത്രയും നാള്‍ കേന്ദ്രം എവിടെയായിരുന്നുവെന്ന്? എന്ത് ചെയ്തിട്ടാണ് ഇപ്പോള്‍ ഇങ്ങനെ വീമ്പിളക്കുന്നത് എന്ന്?
കൊവിഡ് വ്യാപനം തീവ്രമായ ഘട്ടത്തില്‍ യു.എ.ഇ സര്‍ക്കാര്‍ അടക്കമുള്ള വിദേശഭരണകൂടങ്ങള്‍ പറഞ്ഞത് അവരവരുടെ പൗരന്മാരില്‍ തിരിച്ചുപോകാനാഗ്രഹിക്കുന്നവരെ മാതൃരാജ്യങ്ങള്‍ എത്രയും പെട്ടന്ന് തിരികെകൊണ്ടുപോകണമെന്നാണ്. അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായി തൊഴില്‍ബന്ധങ്ങള്‍ പുനപരിശോധിക്കുമെന്ന് വരെ അവര്‍ വ്യക്തമാക്കിയിരുന്നു. അത്തരമൊരു പ്രസ്താവനയ്ക്ക് നിര്‍ബന്ധിതമായ സാഹചര്യം മനസ്സിലാക്കി പല രാജ്യങ്ങളും നടപടികളെടുക്കുകയും അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു. പക്ഷേ നമ്മുടെ രാജ്യം മാത്രം പ്രവാസികളായ നമ്മുടെ പൗരന്‍മാരെ അവിടങ്ങളില്‍ നരകിക്കാന്‍ വിടുകയായിരുന്നു.
ജീവിതത്തിനും മരണത്തിനുമിടയയില്‍ ഭയത്തിന്റെയും അരക്ഷിതാവസ്ഥകളുടെയും നടുവില്‍പ്പെട്ട് ജോലിയും വരുമാനവും ഇല്ലാതെ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞ് നമ്മുടെ പ്രവാസികള്‍ നിലവിളിച്ചപ്പോള്‍ അതിന് ചെവി കൊടുക്കാതിരുന്ന കേന്ദ്ര ഭരണകൂടം ഇപ്പോള്‍ അവരെ വെച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് എന്തുമാത്രം ലജ്ജാകരമാണ്. എന്ത് കാര്യമാണ് കേന്ദം പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേകമായി ചെയ്തിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാറുകളുടെയും വിവിധ രാഷട്രീയപ്പാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയുമെല്ലാം നിരന്തരസമ്മര്‍ദങ്ങളുടെ ഫലമായി ഒടുവില്‍ ഇപ്പോള്‍ നടപ്പായിത്തുടങ്ങിയിട്ടുള്ള പ്രവാസികളുടെ ഈ തിരിച്ചുവരവിനെ തങ്ങളുടെ വലിയ വീരകൃത്യമായാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ എല്ലാ വിധ അനുമതികള്‍ നല്‍കിയിട്ടും നമ്മുടെ പൗരന്‍മാരെ തിരികെ കൊണ്ടുവരാന്‍ വേണ്ടി നിര്‍ബന്ധിച്ചിട്ടും അത് ചെയ്യാതിരുന്ന കേന്ദ്രം ഇപ്പോള്‍ തങ്ങളുടെ തീരുമാനം മാറ്റി എന്നതിലപ്പുറം എന്താണ് ഈ അവകാശവാദങ്ങളിലുള്ളത്?
വലിയ രക്ഷാപ്രവര്‍ത്തനം എന്നൊക്കെ കേന്ദ്രം വീരവാദം മുഴക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ജീവിതത്തിന് മുന്നില്‍ ഗതി മുട്ടി നില്‍ക്കുന്ന ഈ പ്രവാസികളെല്ലാം അവരുടെ കയ്യില്‍ നിന്ന് പണം ചിലവഴിച്ചാണ് വരുന്നത് എന്നതാണ്. അതും സാധാരണനിലയിലുള്ളതിനേക്കാള്‍ കൂടുതല്‍ പണം. എല്ലാം നഷ്ടപ്പെട്ട് തിരികെ വരുന്ന ഈ പാവം പ്രവാസികളുടെ യാത്രാ ച്ചിലവ് പോലും വഹിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. പണം വാങ്ങി ആളുകളെ വിമാനത്തില്‍കൊണ്ടുവരുന്നത് എങ്ങിനെയാണ് രക്ഷാപ്രവര്‍ത്തനം ആകുന്നത്? നിര്‍ത്തിവെയ്‌ക്കേണ്ടി വന്ന വ്യോമഗമതാഗതം ചെറിയരീതിയില്‍ പുനരാരംഭിച്ചു എന്നതിനപ്പുറം എന്താണിവിടെ കേന്ദ്രം പ്രത്യേകമായി ചെയ്തിട്ടുള്ളത്.
ഇവാക്വേഷന്‍, എയര്‍ലിഫ്റ്റ് എന്നൊക്കെ പറഞ്ഞ് കേന്ദ്രം ബഹളം വെയ്ക്കുമ്പോള്‍ സാമാന്യമായും നമ്മള്‍ ചിന്തിച്ചുപോകുന്ന ഒരു കാര്യമുണ്ട്. എന്തിനാണീ ഒച്ചപ്പാടൊക്കെ. കേന്ദ്രം ആകെ ചെയ്തിട്ടുള്ളത് ഒന്ന് രണ്ട് മാസമായി പറക്കാന്‍ കഴിയാതെ വരുമാനമൊന്നുമില്ലാതിരിക്കുന്ന എയര്‍ ഇന്ത്യയുടെ കുറച്ച് വിമാനങ്ങള്‍ അങ്ങോട്ടയച്ചു എന്നത് മാത്രമാണ്. വെറും സമ്മതം മാത്രം കൊടുത്താല്‍ ഇതേ ആളുകളെ ഇവിടെയെത്തിക്കാന്‍ തയ്യാറായി ദുബായിലും ദോഹയിലൊമൊക്കെ എയര്‍പോര്‍ട്ടുള്‍ സജ്ജമാണ്. എമിറേയ്ട്‌സും എയര്‍ അറേബ്യയും ഇന്‍ഡിഗോയും ഖത്തര്‍ അയര്‍വെയ്‌സുമൊക്കെ എത്ര വിമാനം വേണമെങ്കിലും പറത്താന്‍ തയ്യാറുമാണ്. ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യാനുള്ള അനുമതി മാത്രം ഇവിടുത്തെ സര്‍ക്കാര്‍ നല്‍കിയാല്‍ മതി. ഈ സാഹചര്യത്തിലാണ് കുറച്ച് വിമാനങ്ങള്‍ അങ്ങോട്ടയച്ചു എന്ന ഒറ്റക്കാരണത്താല്‍ കേന്ദ്രം ഇങ്ങനെ വീമ്പിളക്കുന്നത്.
അഞ്ച് പൈസ പോലും കേന്ദ്രത്തിന് ഇവിടെ ചിലവ് വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആകെ ചിലവ് വരുമായിരുന്ന ഒരേ ഒരു കാര്യം പുറപ്പെടുന്ന സ്ഥലത്തു വച്ച് യാത്രക്കാരെ കൊറോണ ടെസ്റ്റ് ചെയ്യുന്നതായിരുന്നു. അത് പോലും ചെയ്യാതെ സംസ്ഥാന സര്‍ക്കാരുകളോട് വരുന്നവരെ രണ്ടാഴ്ച ക്വാറന്റൈനില്‍ വക്കാനാണ് കേന്ദ്രം പറഞ്ഞത്. ആ ചിലവും സംസ്ഥാനങ്ങളുടെ തലയിലേക്കിട്ടു. ടെസ്റ്റിന് വേണ്ടി വരുമായിരുന്ന രണ്ടോ മൂന്നോ കോടി ലാഭം മാത്രം ലക്ഷ്യം.
തിരികെ വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റെനില്‍ കഴിയാനും മറ്റുമുള്ള എല്ലാ വിധ സജ്ജീകരണങ്ങളും ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനുമതി മാത്രം നല്‍കിയാല്‍ മതി എന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും അന്നൊന്നും അതിന് തയ്യാറാകാതെ കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് കേന്ദ്രഭരണകൂടം തന്നെയാണ് എന്നതും നാം മറന്നുകൂടാ…
ഇക്കാര്യത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ക്ക് എന്തെങ്കിലും സഹായമെത്തിക്കുന്നതിനും കേന്ദ്രം ഉണ്ടായിരുന്നില്ല. ജോലിയും വരുമാനവുമൊന്നുമില്ലാതെ ലേബര്‍ക്യാമ്പുകളിലും വീടുകളിലും ഫ്‌ലാറ്റുകളിലുമെല്ലാം കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കുക മാത്രമാണ് കേന്ദ്രം ചെയ്തത്. ചരിത്രത്തില്‍ ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയില്‍ പ്രവാസിസമൂഹം ഒന്നടങ്കം പെട്ടുപോയിട്ടും കോടികള്‍ നീക്കിയിരിപ്പുള്ള പ്രവാസി ക്ഷേമനിധി അവര്‍ക്ക് വേണ്ടി വിനിയോഗിച്ചില്ല.
ഈ നാടിന്റെ ഇന്നീ കാണുന്ന എല്ലാ വിധ അഭിവൃദ്ധികള്‍ക്കും കാരണക്കാരായി മണലാരണ്യങ്ങളില്‍ ജീവിതം എരിയിച്ച പ്രവാസിസമൂഹം അതിജീവിക്കാനായി പൊറുതിമുട്ടിയപ്പോഴും അവരുടെ വിയര്‍പ്പില്‍ നിന്നുണ്ടാക്കിയ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് ഒരു നയാപൈസ അവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ കേന്ദ്രം തയ്യാറായില്ല എന്നത് നാം ഓര്‍ക്കേണ്ടതാണ്.
ഏതെങ്കിലും തരത്തില്‍ പ്രവാസിസമൂഹത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് പ്രവാസികള്‍ക്കിടയിലെ സന്നദ്ധസംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവാസിവ്യവസായികളുടെയുമെല്ലാം അകമഴിഞ്ഞ സഹായമനസ്‌കതകൊണ്ടുമാത്രമാണ്. അവരുടെ ത്യാഗസന്നദ്ധതയെയാണ് ഇന്ന് കേന്ദ്രം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളോളം അന്യനാടുകളില്‍ ജോലി ചെയ്ത് ഈ രാജ്യത്തേക്ക് പണമയച്ചുകൊണ്ടിരുന്ന ഈ പ്രവാസികള്‍ ഈ ദുരിതകാലത്ത് ജോലിയും വരുമാനവുമൊക്കെ നഷ്ടമായി തിരികെ വരേണ്ട സ്ഥിതി വന്നിട്ടും അവര്‍ക്ക് വേണ്ടി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായ പാക്കേജുകളോ മറ്റോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണ്.
രക്ഷാപ്രവര്‍ത്തനമെന്നത് എന്താണെന്ന് നരേന്ദ്രമോദി സര്‍ക്കാറിന് ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ അറിയേണ്ട ഒരു കഥയുണ്ട്.
മുപ്പത് വര്‍ഷം മുമ്പത്തെ ഇറാഖ് കുവൈത്ത് യുദ്ധകാലത്തെ ഒരു സംഭവകഥ. യുദ്ധസമയത്ത് കുവൈറ്റില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിയപ്പോള്‍ അവരെ രക്ഷിക്കാനായി അന്നത്തെ ഭരണകൂടം ഇടപെട്ടത് ഏറെ ധീരതയോടെയായിരുന്നു. വിപി സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി, ഐ കെ ഗുജ്‌റാള്‍ വിദേശകാര്യ മന്ത്രിയും. യുദ്ധവിമാനങ്ങളെയും മിസൈലുകളെയും കൂസാക്കാതെ, അമേരിക്കയുടെ ഭീഷണി വകവെക്കാതെ ഐ.കെ ഗുജ്‌റാള്‍ നേരിട്ട് തന്നെ അന്ന് ബാഗ്ദാദിലേക്ക് പറന്നു, സദ്ദാം ഹുസൈനെ കണ്ടു, കുവൈറ്റില്‍ കുടുങ്ങിയ ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഒരുക്കണമെന്ന് അദ്ദേഹം സദ്ദാം ഹുസൈനോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് വി.പി സിങിന്റെ നിര്‍ദേശപ്രകാരം അന്ന് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന കെ.പി ഉണ്ണികൃഷ്ണന്‍ സദ്ദാം ഹുസൈനുമായി നേരിട്ട് ഉടമ്പടിയാവുകയും ചെയ്തു. കുവൈറ്റിലെയോ ബാഗ്ദാദിലേയോ വിമാനത്താവളങ്ങള്‍ തുറക്കാന്‍ പക്ഷേ അമേരിക്ക സമ്മതിച്ചില്ല. അങ്ങനെ അമ്മാന്‍ എയര്‍പോര്‍ട്ട് തുറന്നു തരാന്‍ ഇന്ത്യ ജോര്‍ദാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് മുഴുവന്‍ പേരെയും ഇറാഖിലെ റോഡുകളിലൂടെ അമ്മാനിലേക്ക് കൊണ്ട് വന്നു, സുരക്ഷിതമായി. അവിടെനിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും സൗജന്യമായി ബോംബെ വിമാനത്താവളത്തിലെത്തിച്ചു. ബോംബൈയില്‍ നിന്ന് അവരവരുടെ നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റും കൊടുത്തു, കൂടെ ആയിരം രൂപ പോക്കറ്റ് മണിയും. യഥാര്‍ത്ഥത്തില്‍ ഇതൊക്കെയാണ് രക്ഷാപ്രവര്‍ത്തനം. കുവൈറ്റില്‍ നിന്ന് അന്ന് തിരിച്ചുവന്ന പഴയകാല പ്രവാസികള്‍ക്ക് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിന്റെ പ്രഹസന നാടകങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നാനാണ് സാധ്യത.
കടപ്പാട്: ഡൂള്‍ന്യൂസില്‍ പ്രസിദ്ധീകരിച്ച ഫാറൂഖിന്റെ ലേഖനം
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.