ബംഗ്ലാദേശിലെ ദുര്‍ഗ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു; പ്രതി അറസ്റ്റില്‍
World News
ബംഗ്ലാദേശിലെ ദുര്‍ഗ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു; പ്രതി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd July 2023, 12:58 pm

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍. ബ്രഹ്‌മന്‍ബരിയ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നിയമത്പുര്‍ ഗ്രാമത്തിലുള്ള നിസമത്പുര്‍ സര്‍വജനിന്‍ ദുര്‍ഗ ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഖലീല്‍ മിയ എന്നയാളെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

വിഗ്രഹം തകര്‍ക്കപ്പെട്ടതറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചു. ഖലീല്‍ മിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ബ്രഹ്‌മന്‍ബരിയ പൊലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ പ്രതി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ക്ഷേത്രത്തിന് നേരെ പെട്ടെന്നുണ്ടായ ആക്രമണം ഹിന്ദു സമുദായത്തിലെ ആളുകള്‍ക്കിടയില്‍ വലിയ രീതിയിലുള്ള രോഷമുണ്ടാക്കിയതായി നിയമത്പുര്‍ സര്‍വജനിന്‍ ദുര്‍ഗ ക്ഷേത്രത്തിന്റെ പ്രസിഡന്റ് ജഗ്തീഷ് ദാസ് പറയുന്നു.

ഖലീല്‍ മിയ നിയമത്പുരിലെ സഹോദരിയുടെ വീട് സന്ദര്‍ശിക്കാനെത്തിയതിനിടെയാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രദേശവാസികളുമായുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ദുര്‍ഗ ക്ഷേത്രത്തിലെ അഞ്ചോളം വിഗ്രഹങ്ങളാണ് ഇയാള്‍ നശിപ്പിച്ചത്.

മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ ജഗ്തീഷ് ദാസ് കേസ് നല്‍കിയിരിക്കുന്നത്. പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തുമെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

Content Highlight: Vandalised the idol of a deity at a Hindu temple in Bangladesh