ന്യൂദല്‍ഹി: പുതുച്ചേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ “ചലിയെ പുതുച്ചേരി കോ വണക്കം” എന്ന് പറഞ്ഞൊഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.
വണക്കം പുതുച്ചേരി ! ദുരിതമനുഭവിക്കുന്ന മധ്യവര്‍ഗത്തിന്റെ ചോദ്യത്തിന് “നോമോ നല്‍കിയ ഉത്തരമാണിത്.
പത്രസമ്മേളനം പോകട്ടെ സ്വന്തം പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകരോട് പോലും കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹത്തിന് സാധിക്കില്ല.
പുതുച്ചേരിയിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരം മുട്ടിയ സംഭവത്തിന് ശേഷം ചോദ്യങ്ങള്‍ ആദ്യമേ പരിശോധിക്കാനുള്ള ബി.ജെ.പിയുടെ നീക്കം നല്ല ഐഡിയയാണെന്നും രാഹുല്‍ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകരോട് സംവദിക്കുന്നതിനുള്ള “മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്” പരിപാടിക്കിടെയാണ് കഴിഞ്ഞയാഴ്ച നിര്‍മ്മല്‍ കുമാര്‍ ജയിന്‍ എന്ന പ്രവര്‍ത്തകന്‍ മോദിയോട് ചോദ്യം ഉന്നയിച്ചത്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയോട് സംസാരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്റെ ചോദ്യം ഇതാണ്. താങ്കള്‍ രാജ്യത്തിന് മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പക്ഷേ മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ വിചാരിക്കുന്നത് സര്‍ക്കാര്‍ ഏതുവിധത്തിലും ജനങ്ങളില്‍ നിന്ന് നികുതി പിരിക്കാന്‍ വേണ്ടി മാത്രം നടക്കുന്നവരാണെന്നാണ്, അവര്‍ ആഗ്രഹിക്കുന്ന ഇളവുകളൊന്നും ലഭിക്കുന്നില്ല. ഐടി മേഖലയിലും ബാങ്കിങ് മേഖലയിലെ ഫീസിന്റെയും പിഴയുടയും കാര്യമെല്ലാം ഉദാഹരണങ്ങളാണ്. അവിടെയെല്ലാം ആളുകള്‍ കഴിവുകേട് കാണുന്നു. അതുകൊണ്ട് നികുതി പിരിക്കുംപോലെ പാര്‍ട്ടിയുടെ അടിത്തറയായ മധ്യവര്‍ഗ്ഗക്കാര്‍ക്ക് കുറച്ച് ഇളവ് നല്‍കണമെന്നും ഞാന്‍ അപേക്ഷിക്കുന്നു””-ഇതായിരുന്നു നിര്‍മലിന്റെ ചോദ്യം.
വ്യക്തമായി മറുപടി നല്‍കുന്നതിന് പകരം “നന്ദി, നിര്‍മല്‍ജി, താങ്കളൊരു വ്യാപാരിയാണ്. നിങ്ങള്‍ ബിസിനസ് പറയുന്നത് സാധാരണയാണ്. ഞാന്‍ സാധാരണക്കാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അത് തുടരും. ഞാന്‍ ഉറപ്പ് നല്‍കുന്നു. ചലിയേ പുതുച്ചേരി കോ വണക്കം”” എന്ന് പറഞ്ഞൊഴിയുകയാണ് മോദി ചെയ്തത്.