മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയതിന് ശേഷം കരഞ്ഞുകൊണ്ടാണ് വാന്‍ ഗാല്‍ വീട്ടിലെത്തിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ടൂറസ്. യുണൈറ്റഡ് പുറത്താക്കുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും ടൂറസ് ആമസോണ്‍ പ്രൈം ഡോക്യുമെന്ററിയില്‍ സംസാരിക്കവെ വെളിപ്പെടുത്തി.
‘അവിടെ ഞങ്ങള്‍ക്കൊരു ബോര്‍ഡ് റൂം ഉണ്ടായിരുന്നു. മാഞ്ചസ്റ്റെറിലെ ലെജന്‍ഡ്സിനൊപ്പം സംസാരിച്ചിരിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.
പെട്ടെന്ന് അവര്‍ ഞങ്ങളോട് സംസാരിക്കുന്നത് നിര്‍ത്തി. അപ്പോള്‍ തന്നെ ഞാന്‍ ലൂയിസിന് സൂചന നല്‍കിയിരുന്നു, യുണൈറ്റഡ് നിങ്ങളെ പിരിച്ചുവിടാന്‍ പോവുകയാണെന്ന്,’ ട്രൂസ് പറഞ്ഞു.
2014 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെ സെമി ഫൈനലിലേക്ക് നയിച്ചതിന് ശേഷമാണ് വാന്‍ ഗാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏല്‍ക്കുന്നത്. രണ്ടാം സീസണില്‍ ക്ലബ്ബിനായി എഫ്.എ കപ്പ് നേടിക്കൊടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകനായി കരിയര്‍ ആരംഭിച്ച് വാന്‍ ഗാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മുമ്പ് അയാക്‌സ്, ബാഴ്സലോണ, ബയേണ്‍ മ്യൂണിക്ക് തുടങ്ങി യൂറോപ്പിലുടനീളമുള്ള നിരവധി മികച്ച ക്ലബ്ബുകളുടെ പരിശീലകനായിരുന്നു.
2021ലാണ് നെതര്‍ലന്‍ഡ്സിന്റെ മുഖ്യ പരിശീലക സ്ഥാനം വാന്‍ ഗാല്‍ ഏറ്റെടുത്തത്. ഫ്രാങ്ക് ഡി ബോയറിന് പകരക്കാരനായി പരിശീലക സ്ഥാനം ഏറ്റെടുത്ത വാന്‍ ഗാലിന്റെ കീഴില്‍ 20 മത്സരങ്ങളാണ് തോല്‍വിയറിയാതെ നെതര്‍ലന്‍ഡ്‌സ് ടീം മുന്നേറിയത്.
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റ് നെതര്‍ലന്‍ഡ്‌സ് പുറത്തായതിന് പിന്നാലെ വാന്‍ ഗാല്‍ പരിശീലക സ്ഥാനമൊഴിഞ്ഞു.
Content Highlights: Van Gal was broken after the exit from Man United, says his partner