'ഒരാള്‍ വ്യക്തിഗത നേട്ടമുണ്ടാക്കുന്ന താരവും മറ്റെയാള്‍ ടീമിനൊപ്പം ചേര്‍ന്ന് കളിക്കുന്നവനുമാണ്'; മെസി-റൊണാള്‍ഡോ ഡിബേറ്റില്‍ ഡച്ച് പരിശീലകന്‍
Football
'ഒരാള്‍ വ്യക്തിഗത നേട്ടമുണ്ടാക്കുന്ന താരവും മറ്റെയാള്‍ ടീമിനൊപ്പം ചേര്‍ന്ന് കളിക്കുന്നവനുമാണ്'; മെസി-റൊണാള്‍ഡോ ഡിബേറ്റില്‍ ഡച്ച് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd March 2023, 2:32 pm

ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡിബേറ്റില്‍ ആരാണ് മികച്ചതെന്ന് തുറന്നുപറഞ്ഞ് ഡച്ച് പരിശീലകന്‍ ലൂയിസ് വാന്‍ ഗാല്‍. രണ്ടുപേരും മികച്ച താരങ്ങളാണെന്നും എന്നാല്‍ മെസി വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കുന്നയാളാണെന്നും റൊണാള്‍ഡോ ടീമിന് വേണ്ടി കളിക്കുന്നയാളാണെന്നും വാന്‍ ഗാല്‍ പറഞ്ഞു. അതുകൊണ്ട് മെസിയെക്കാള്‍ റൊണാള്‍ഡോയെയാണ് തനിക്കിഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

‘അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. മെസിയാണോ റൊണാല്‍ഡോയാണോ മികച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസമാണ്. കരിയറില്‍ നേടിയ ടൈറ്റിലുകള്‍ വെച്ചുനോക്കുമ്പോള്‍ മെസിയെക്കാള്‍ മുന്നില്‍ റൊണാള്‍ഡോയാണ്. എന്നാല്‍ മെസിക്കാണ് വ്യക്തിഗത അവാര്‍ഡുകള്‍ കൂടുതലുള്ളത്. ക്രിസ്റ്റ്യാനോ ഒരു ടീം പ്ലെയറാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരു വ്യക്തിഗത താരത്തെക്കാള്‍ ടീം കളിക്കാരനെയാണ് ഞാന്‍ തെരഞ്ഞെടുക്കുക. മെസി മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരിക്കും. പക്ഷെ ടീമായി കളിക്കുന്നതിലാണ് മിടുക്ക,’ വാന്‍ ഗാല്‍ പറഞ്ഞു.

അതേസമയം, ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന്. ഖത്തറില്‍ ലയണല്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയെങ്കിലും ആരാധകര്‍ക്കിടയിലെ തര്‍ക്കത്തിന് അറുതി വീഴുമെന്ന് കരുതിയിരുന്നു.

എന്നാല്‍ കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്.

183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Van Gaal about Lionel Messi and Cristiano Ronaldo