| Monday, 10th October 2022, 9:58 pm

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, ലിവർപൂളിന് എതിരാളികളുടെ ലിവറൂരിയെടുക്കാൻ; വിലയിരുത്തലുമായി ഡച്ച് സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിൽ മോശം പ്രകടനമാണ് വമ്പന്മാരായ ലിവർപൂൾ കാഴ്ചവെക്കുന്നത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടീം ആഴ്‌സണലിനോട് തോൽവി വഴങ്ങിയിരുന്നു. ഇതോടെ എട്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ലിവർപൂളിന് വിജയിക്കാനായത്.

പ്രീമിയർ ലീഗ് നടക്കുന്നതിനിടെ തന്നെ ടീമിനെതിരെയും കോച്ച് യുർഗൻ ക്ലോപ്പിനെതിരെയും വലിയ രീതിയിലുള്ള വിമർശനമാണുയർന്നത്. എന്നാൽ ടീം നല്ല രീതിയിൽ പ്രയത്‌നിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ അതിന്റെ ഫലം കാണുമെന്നുമാണ് ക്ലോപ്പ് ആരാധകരെ പ്രീതിപ്പെടുത്താൻ പറഞ്ഞിരുന്നത്. തുടർന്നും ടീമിന്റെ അവസ്ഥ പരിതാപകരമായിക്കൊണ്ടിരിക്കെ ശക്തമായ പ്രതിഷേധമാണ് ലിവർപൂർ നേരിടുന്നത്.

ടീമിന്റെ അധഃപതനം എന്തുകൊണ്ടാണെന്ന് വിലയിരുത്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഡച്ച് സൂപ്പർ താരമായ വാൻ ഡൈക്ക്. ക്ലോപ്പിനും പരിചാരകർക്കും ഈ അവസ്ഥയുണ്ടാകാൻ പ്രധാനമായും അഞ്ച് കാരണങ്ങളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ആദ്യം തന്നെ പ്രതിരോധത്തിലുള്ള പോരായ്മയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആഴ്‌സണലുമായി നടന്ന മത്സരത്തിൽ രണ്ട് ഗോളുകളും എളുപ്പം പ്രതിരോധിക്കാമായിരുന്നെന്നും അലക്‌സാണ്ടർ-അർനോൾഡ് സഖ്യത്തിന് അതിനെ വേണ്ട വിധം പ്രതിരോധിക്കാൻ കഴിയാതിരുന്നത് വിനയായെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

മിഡ്ഫീൽഡിൽ ഉണ്ടായ പാകപ്പിഴവുകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ജോർദാൻ ഹെൻഡേഴ്‌സണും ഫാബിഞ്ഞോയും തിയാഗോ അൽകന്റാരയിൽ നിന്നുമൊക്കെ ഇതല്ല പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ മത്സരങ്ങളിൽ വളരെ മന്ദഗതിയിലാണ് മൂവരും കളിച്ചതെന്നും വാൻ ഡൈക്ക് പറഞ്ഞു.

സാദിയോ മാനെ ബയേണിലേക്ക് കൂട് മാറിയത് ലിവർപൂളിനെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും അത് ടീമിന്റെ അറ്റാക്കിങ് നിരയിലുണ്ടാക്കിയ വിടവ് പ്രകടമാണെന്നും താരം അനുമാനിച്ചു. മാനെയുെടെ കോർട്ടിലെ സാന്നിധ്യം ടീമിനെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നെന്ന് താരം പറഞ്ഞു.

അവസാനമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ട്രാൻസ്ഫർ പോളിസിയിലെ അപാകതകളാണ്. മധ്യനിരയിലേക്ക് കുറച്ച് ചെറുപ്പക്കാരെ കൊണ്ടുവരുന്നത് ടീമിന് കൂടുതൽ കരുത്തേകുമെന്നാണ് ഡൈക്കിന്റെ വിലയിരുത്തൽ. മാനെക്ക് പകരക്കാരനായി ന്യൂനെസിനെ കൊണ്ടുവന്നത് തെറ്റായ തീരുമാനമാണെന്നും അവർക്ക് ജൂഡ് ബെല്ലിങ് ഹാമിനെയോ ഔറേലിയൻ ചൗമെനിയെയോ എടുക്കാമായിരുന്നാണ് താരത്തിന്റെ വീക്ഷണം. പക്ഷേ കരകയറാൻ കഴിയാതെ വന്നപ്പോൾ കിട്ടിയവരെ വെച്ച് സൈനിങ് നടത്തുകയായിരുന്നു ലിവർപൂളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിവർപൂൾ കോച്ചിന് പഴയ ഉത്സാഹം നഷ്ടപ്പെട്ടത് ഒരുപക്ഷേ ടീമിന്റെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടാകുമെന്നും വാൻ ഡൈക്ക് വ്യക്തമാക്കി.

Content Highlights: Van Djik point out five mistakes of Liverpool FC

We use cookies to give you the best possible experience. Learn more