| Sunday, 14th January 2024, 2:13 pm

ബാലൺ ഡി ഓർ പോരാട്ടത്തിൽ മെസിയോട് തോറ്റതിൽ ഒരു നാണക്കേടുമില്ല; ലിവർപൂൾ താരം

സ്പോര്‍ട്സ് ഡെസ്‌ക്

2019 സീസണിലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയോട് തോറ്റത് വലിയ നാണക്കേട് ഒന്നുമല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിവര്‍പൂളിന്റെ നെതര്‍ലാന്‍ഡ്സ് താരം വിര്‍ജില്‍ വാന്‍ ഡിക്ക്. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ലിവര്‍പൂള്‍ ഡിഫന്‍ഡര്‍.

‘2019ലെ ബാലണ്‍ ഡി ഓര്‍ മത്സരത്തില്‍ എക്കാലത്തെയും മികച്ച മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളില്‍ ഒന്നില്‍ ഞാന്‍ എന്നെ കണ്ടെത്തി. ഒരു ഡിഫന്‍ഡറായി കളിച്ചുകൊണ്ട് ആ സ്ഥാനത്ത് നില്‍ക്കുക എന്നത് വലിയ കാര്യമാണ്. എന്നാല്‍ ഞാന്‍ ആ അവാര്‍ഡിന് അര്‍ഹനായിരുന്നുവെങ്കില്‍ ഞാനത് നേടുമായിരുന്നു. എന്നാല്‍ ഞാന്‍ മെസിയോട് തോറ്റത് ഒരിക്കലും ഒരു മോശമായ കാര്യമല്ല. ആ അവാര്‍ഡ് വിജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് നേടിയാല്‍ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വലിയ അംഗീകാരമാണ് ലഭിക്കുക,’ വാന്‍ ഡിക്ക് പറഞ്ഞു.

2018ല്‍ ലിവര്‍പൂളില്‍ എത്തിയ വാന്‍ ഡിക്ക് മികച്ച പ്രകടനമായിരുന്നു നടത്തിയത്. ക്‌ളോപ്പിന് കീഴില്‍ 243 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ വാന്‍ ഡിക്ക് 20 ഗോളുകളും 14 അസിസ്റ്റുകളുമാണ് നേടിയത്.

2019ലെ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് വാന്‍ ഡിക്ക് നിര്‍വഹിച്ചത്. ഫാബിയോ കന്നാവാരക്ക് ശേഷം ബാലണ്‍ ഡി ഓര്‍ നേടുന്ന മറ്റൊരു ഡിഫന്‍ഡര്‍ ആവാന്‍ വാന്‍ ഡിക്കിന് സാധിക്കുമായിരുന്നു. എന്നാല്‍ ഏഴ് വോട്ടുകള്‍ക്ക് താരം മെസിയോട് പരാജയപ്പെടുകയായിരുന്നു.

അതേസമയം മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓര്‍ അടുത്തിടെ നേടിയിരുന്നു. തന്റെ ഫുട്‌ബോള്‍ കരിയറില്‍ എട്ടാംതവണയായിരുന്നു മെസി ഈ നേട്ടം സ്വന്തമാക്കിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിക്കുകയും ആ ടൂര്‍ണമെന്റില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡ് സ്വന്തമാക്കാനും മെസിക്ക് സാധിച്ചു.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം ലീഗ് വണ്‍ കിരീടനേട്ടത്തിലും അര്‍ജന്റീനന്‍ നായകന്‍ പങ്കാളിയായി. ഈ തകര്‍പ്പന്‍ പ്രകടനങ്ങളാണ് മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തിനര്‍ഹനാക്കിയത്.

Content Highlight: Van Dijk talks about 2019 Ballon d’Or award.

We use cookies to give you the best possible experience. Learn more