| Friday, 29th September 2023, 4:37 pm

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ മെസിയില്ല; കാരണം വെളിപ്പെടുത്തി ഡച്ച് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ പേര് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ നെതര്‍ലന്‍ഡ്‌സ് താരം മാര്‍ക്കോ വാന്‍ ബാസ്റ്റണ്‍. പെലെ, ഡീഗോ മറഡോണ, ജോണ്‍ ക്രൈഫ് എന്നിവരെയാണ് എക്കാലത്തെയും മികച്ച താരങ്ങള്‍ എന്ന് ബാസ്റ്റണ്‍ വിശേഷിപ്പിച്ചത്. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ട് മെസിയെ മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നും അദ്ദേഹം വിശദീകരിച്ചു.

‘എന്നെ സംബന്ധിച്ച് പെലെ, മറഡോണ, ജോഹാന്‍ ക്രൈഫ് എന്നിവരാണ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങള്‍. കുട്ടിയായിരുന്നപ്പോള്‍ ക്രൈഫിനെ പോലെയാകണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കുമായിരുന്നു. അദ്ദേഹം എന്റെ സുഹൃത്തായിരുന്നു, ഞാന്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. പെലെയും മറഡോണയും അതുപോലെത്തന്നെ അസാധ്യ കളിക്കാരായിരുന്നു.

ലയണല്‍ മെസിയും മികച്ച കളിക്കാരനാണ്. എന്നാല്‍ മറഡോണക്ക് ടീമില്‍ കൂടുതല്‍ വ്യക്തിത്വമുണ്ട്. ഒരു മത്സരത്തിനിറങ്ങുമ്പോള്‍ മുന്നിട്ടിറങ്ങുന്ന കളിക്കാരനല്ല മെസി,’ ബാസ്റ്റണ്‍ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പ്ലാറ്റിനി, സിനദിന്‍ സിദാന്‍ എന്നിവരും ഫുട്‌ബോളിലെ മികച്ച താരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1980കളില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായി പേരെടുക്കാന്‍ വാന്‍ ബാസ്റ്റന് സാധിച്ചിരുന്നു. കരിയറില്‍ ആകെ കളിച്ച 379 മത്സരങ്ങളില്‍ നിന്ന് 283 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്ന് യൂറോപ്യന്‍ കപ്പുകള്‍ ഉള്‍പ്പെടെ 17 പ്രധാന ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ട്.

കണങ്കാലിനേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് തന്റെ 28ാം വയസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. 58 കാരനായ വാന്‍ ബാസ്റ്റണ്‍ നിലവില്‍ ഫിഫയുടെ ടെക്നിക്കല്‍ ഡയറക്ടറായാണ് പ്രവര്‍ത്തിക്കുന്നത്.

Content Highlights:  Van Basten snubbed Lionel Messi in GOAT debate

We use cookies to give you the best possible experience. Learn more