| Friday, 27th May 2022, 8:27 pm

ഇന്ദ്രന്‍സിന്റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍; ഭയപ്പെടുത്തുന്ന പള്ളിയും കല്ലറയുമായി വാമനന്‍ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉടലിന് ശേഷം ഇന്ദ്രന്‍സ് നായകനാകുന്ന വാമനന്റെ ടീസര്‍ പുറത്ത്. മൂവി ഗാങ്ങ് എന്ന യൂട്യൂബ് ചാനലിലാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വന്നിരിക്കുന്നത്.

കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് വീഡിയോയില്‍ കാണുന്നത്. അച്ഛാ എന്ന വിളിയും ചില ഭയപ്പെടുത്തുന്ന വിഷ്വല്‍സുമാണ് പിന്നാലെ വരുന്നത്.

നവാഗതനായ എ.ബി. ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍. ഹൊറര്‍ സൈക്കോ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് വാമനന്റെ നിര്‍മാണം. ബൈജു, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉടലാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഇന്ദ്രന്‍സിന്റെ ചിത്രം. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: vamanan teaser out starring indrans

We use cookies to give you the best possible experience. Learn more