കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ദുരൂഹ സംഭവ പരമ്പര മലയാളത്തില്‍ സിനിമയായെത്തുന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവം അന്ന് വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
ആശുപത്രിയിലെ പ്രസവവാര്‍ഡിന് സമീപമുള്ള ആളൊഴിഞ്ഞയിടത്തായിരുന്നു പൊളിഞ്ഞുവീഴാറായ ആ കെട്ടിടമുണ്ടായിരുന്നത്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പേടിമൂലം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ദിവസങ്ങളായിരുന്നു തുടര്‍ന്നുണ്ടായത്. അധികൃതരുടെ പരാതിയേത്തുടര്‍ന്ന് പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന്റെ ചുവട് പിടിച്ചാണ് ഇന്ദ്രന്‍സ് നായകനാകുന്ന വാമനന്‍ എന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഡിസംബര്‍ 16ന് തീയേറ്ററുകളിലെത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകനും രചയിതാവുമായ എ.ബി.ബിനില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ രചനയിലേക്ക് നയിച്ചതെന്നും ബിനില്‍ പറഞ്ഞു. അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദമായിരുന്നു ആശുപ്രത്രി ജീവനക്കാരും രോഗികളും കേട്ടിരുന്നത്. മെഡിക്കല്‍ കോളേജിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവം സ്ഥിരീകരിച്ചിരുന്നു. അറിഞ്ഞ് കേട്ട് വന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും സമീപവാസികളും രാത്രികളില്‍ ശബ്ദം കേട്ടിരുന്നു.
പക്ഷേ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് രാത്രിയില്‍ പോകാന്‍ തയ്യാറായില്ല. നിരവധി മരണങ്ങള്‍ നടന്നിട്ടുള്ള വാര്‍ഡുകളുടെ സാമീപ്യം കൊണ്ട് പലരും ഭയന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഈ സംഭവം ഒരു സിനിമയുടെ പ്രമേയം ആണല്ലോ എന്ന തോന്നലാണ് അതിന്റെ പിന്നാലെ പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബിനില്‍ പറഞ്ഞു.
അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് വാമനന്‍ അണിയിച്ചൊരുക്കിയിട്ടുള്ളത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് നിര്‍മാണം. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ സീമ ജി നായര്‍, ബൈജു, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന ദില്‍ഷാദ്, അരുണ്‍ ബാബു, ജെറി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സമ അലി സഹ നിര്‍മ്മാതാവായ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ രഘു വേണുഗോപാല്‍, ഡോണ തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കരുമത്തില്‍, ബിജുകുമാര്‍ കവുകപറമ്പില്‍, സുമ മേനോന്‍ എന്നിവരാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരുണ്‍ ശിവനാണ്. സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് മിഥുന്‍ ജോര്‍ജാണ്. സാഗ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസാണ് ചിത്രം ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തിക്കുന്നത്.
content highlight: vamanan movie released on December 16