| Friday, 17th September 2021, 5:39 pm

നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ലെന്ന് ഹിന്ദു ഐക്യവേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ ബിഷപ്പിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി.

ബിഷപ്പ് പറഞ്ഞത് ഒറ്റപ്പെട്ട കാര്യങ്ങളല്ലെന്നും ലാന്‍ഡ് ജിഹാദടക്കം മറ്റ് ജിഹാദുകളും കേരളത്തില്‍ സജീവമാണെന്നും ഈ സത്യം തുറന്നുപറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന പ്രവണത ശരിയല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു.

” നാട്ടില്‍ താലിബാനിസം വരാതിരിക്കാന്‍ എല്ലാവിഭാഗങ്ങളും മുന്‍കരുതലെടുക്കണം. ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് സമ്മതിക്കാനാണ് ആദ്യം സര്‍ക്കാര്‍ തയ്യാറാകേണ്ടത്,” വത്സന്‍ തില്ലങ്കേരി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമവായ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

ചര്‍ച്ച കൊണ്ടുമാത്രം വിഷയം പരിഹരിക്കാനാവില്ലെന്നും ബിഷപ്പ് ഉന്നയിച്ച ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് വത്സന്‍ തില്ലങ്കേരിയുടെ വാദം.

ഓരോ ഗ്രാമങ്ങളിലും നേരിടുന്ന പ്രശ്നമാണിത്. അതുകൊണ്ടുതന്നെ പ്രാദേശികതലത്തില്‍ സിറ്റിംഗ് നടത്തി ഇരകളുടെ മൊഴി എടുത്ത് പ്രശ്നം പരിഹാരം കണ്ടെത്തണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു.

ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.

എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ടും രംഗത്തെത്തിയിരുന്നു. നാര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Valsan Thillankery extend support for Bishop Pala.

We use cookies to give you the best possible experience. Learn more