കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ക്യാംപസ് ഫ്രണ്ട് നേതാവിനെതിരെ കേസ്.
പ്രസംഗം പങ്കുവെച്ചതിലൂടെ ആളുകള്‍ക്കിടയില്‍ പ്രകോപനവും കലാപവും ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ് ക്യാപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് രിഫയ്‌ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്.
ഹിന്ദു ഐക്യവേദിയുടെ ജനജാഗ്രത സദസില്‍ വെച്ച് തില്ലങ്കേരി നടത്തിയ പ്രസംഗത്തിന്റെ ഭാഗമായിരുന്നു രിഫ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
തില്ലങ്കേരിയുടെ പ്രസംഗം ഷാനെ കൊലപ്പെടുത്തുന്നതിന് പ്രേരണ നല്‍കുന്നതാണെന്നും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വീഡിയോ പങ്കുവെച്ചിരുന്നത്.
എന്നാല്‍ ഈ വീഡിയോ സമൂഹത്തില്‍ പ്രകോപനമുണ്ടാക്കിയെന്നും അതിനെതുടര്‍ന്നാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ നേരത്തെ ആരോപിച്ചിരുന്നു. ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ പറഞ്ഞിരുന്നു.
അതേസമയം, ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് വാളുകളാണ് കണ്ടെടുത്തത്. ചേര്‍ത്തല അരീപ്പറമ്പ് പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അഞ്ചുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 13 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
അതേസമയം, ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും പറഞ്ഞ എ.ഡി.ജി.പി ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Valsan Thillankeri’s speech shared on social media; Case against young man