ആലപ്പുഴയിലെത്തിയത് സംഘടനാ പരിപാടിയുടെ ഭാഗമായി; ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി
Kerala News
ആലപ്പുഴയിലെത്തിയത് സംഘടനാ പരിപാടിയുടെ ഭാഗമായി; ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th December 2021, 2:25 pm

പാലക്കാട്: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി. എസ്.ഡി.പി.ഐയുടെ ആരോപണം അടസ്ഥാന രഹിതമാണെന്ന് തില്ലങ്കേരി പറഞ്ഞു.

കുറച്ച് ദിവസമായി എല്ലാ ജില്ലകളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സംഘടനാ യാത്ര നടത്തുകയാണ്. സംഘടനയുടെ പരിപാടികളുടെ ഭാഗമായി പൊതുയോഗങ്ങളും സംഘടപ്പിക്കുന്നുണ്ട്. ആലപ്പുഴയില്‍ പോയത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരവാദികളുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് ഉരുണ്ടുകളിക്കുകയാണെന്നും തില്ലങ്കേരി പറഞ്ഞു.

എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. മനുഷ്യ ജീവന്റെ വില എല്ലാവുരുടേയും ഒരുപോലെയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ അധികാരികള്‍ ഇടപെട്ടു ഇരുകക്ഷികളെയും വിളിച്ചുചേര്‍ത്തു സമാധാന ശ്രമങ്ങള്‍ നടത്താറുണ്ട്. അങ്ങനെ നടക്കുന്ന ഏത് സമാധാനശ്രമങ്ങള്‍ക്കും പങ്കാളിയാവാന്‍ തങ്ങള്‍ തയ്യാറാണെന്നും കെ.എസ്. ഷാനിന്റെ കൊലപാകത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറഞ്ഞു.

അതേസമയം, കെ.എസ്. ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ പറഞ്ഞിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സന്‍ തില്ലങ്കേരി കൊല ആസൂത്രണം ചെയ്തെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ ആരോപിച്ചു.

ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ടീപോയി അടക്കമുള്ള സാധനങ്ങള്‍ തല്ലപൊട്ടിക്കുന്ന ശബ്ദം കേട്ട് ഹാളിലേക്കെത്തിയ രഞ്ജിത്തിന്റെ ഭാര്യയുടേയും അമ്മയുടേയും മകളുടേയും മുന്നിലിട്ടാണ് വെട്ടിയത്.

ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Valsan Thillankeri has denied any involvement in Shan’s murder  SDPI  State Secretary