നാനാമതസ്ഥരുടെ പലവിധ വിശ്വാസങ്ങളും ആചാരങ്ങളും അതിനൊത്ത ആരാധനാലയങ്ങളും നിറഞ്ഞ പുണ്യഭൂമിയാണ് മഹത്തായ ഭാരതം. മതേതരത്വത്തിന്റെ മായികലോകം. ഭക്തമാനസരായ ജനകോടികള്‍. അവരെ മുതലെടുത്ത് ആചാരങ്ങളുടെ അതിരുകള്‍ കടന്ന് മനുഷ്യമനസില്‍ കറുപ്പ് കലര്‍ത്തുന്ന ദുരാചാരങ്ങളുടെ മറ്റൊരുനാട്. വോട്ടിനും അധികാരത്തിനും പണത്തിനും ആര്‍ത്തികാണിക്കുന്ന കപട ഭക്തരുടെയും ആള്‍ദൈവങ്ങളുടെയും പറുദീസ. ഇവിടെ മനുഷ്യര്‍ പിറകിലേക്ക് നടന്നടുക്കുന്നുവെന്ന തോന്നലുകള്‍ മതേതരവാദികളെ അലട്ടുവാന്‍ തുടങ്ങിയിട്ട് അധികം നാളുകളെടുത്തിട്ടില്ല. ഭക്തിയും ആചാരവും വളമാക്കി വളര്‍ന്നുവന്ന വര്‍ഗീയ ജീവിതങ്ങള്‍, ലോകം ആരാധിച്ച മഹാരാജ്യത്തിന് ദുര്‍ഗതി വരുത്തുന്നു.
ഹൈന്ദവനും മുസല്‍മാനും ക്രൈസ്തവനും ഒന്നായി നയിച്ച നാടാണിത്. ഇന്ന് ഇവര്‍ക്കിടയില്‍ വേലിക്കെട്ടുകള്‍ തീര്‍ക്കുന്നതിന് ദേശീയഭരണകൂടം പിണിയാളുകളെ വച്ചിരിക്കുന്നു. അതില്‍ സന്ന്യാസിമാര്‍ മുതല്‍ കൈച്ചരടുകെട്ടിയ നാട്ടിമ്പുറത്തുകാരന്‍ വരെയുണ്ട്. അവരെ സംഘപരിവാരമെന്ന് വിളിക്കുന്നു.
അവര്‍ പറയുന്നത്, ഇന്ത്യയുടെ ഹൈന്ദവതയെക്കുറിച്ചാണ്. ഇന്ത്യയെന്നാല്‍ ഹിന്ദുവിന്റെ നാടാണെന്നാണ്. മുസല്‍മാന്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അവര്‍ ആക്രോശിക്കുന്നു. ക്രൈസ്തവരെ പച്ചയ്ക്ക് ശൂലം കയറ്റിക്കൊന്നൊടുക്കുന്നു. എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളായി മുദ്രകുത്തപ്പെടുകയോ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയാക്കപ്പെടുകയോ ചെയ്യുന്നു. മതേതരത്വം കാത്തുസൂക്ഷിക്കാന്‍, സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നാടിനോട് കൈകോര്‍ക്കാന്‍ ഓര്‍മ്മപ്പെടുത്തി എത്രയെത്രപേര്‍ ഈ ചുരുങ്ങിയ നാള്‍ക്കുള്ളില്‍ സംഘപരിവാരത്തിന്റെ കഠാരയ്ക്കുമുന്നില്‍ രക്തസാക്ഷിത്വം വരിച്ചു.
ഹൈന്ദവതയും ഭക്തിയും ആചാരവും ആയുധമാക്കുന്നവര്‍ ഇന്ത്യയുടെ മഹാപാരമ്പര്യത്തെ ബോധപൂര്‍വം വക്രീകരിക്കുകയാണ്. ഹിന്ദുത്വമെന്നാല്‍ രാക്ഷസക്കൂട്ടങ്ങളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. ഭാരതത്തിന്റെ ദര്‍ശനശാസ്ത്രങ്ങളെല്ലാം സംഘപരിവാരത്തിന് മുന്നില്‍ കോമാളിത്തരങ്ങളാണ്. കേട്ടുകേള്‍വിപോലുമല്ലാത്ത വാക്കുകള്‍. അവരുടെ മനസിലെ ഹൈന്ദവതയും ദേശസ്‌നേഹവും ആചാരവും സ്വാര്‍ത്ഥതയ്ക്കുള്ള ആയുധങ്ങള്‍ മാത്രം.
ലൗകിക ജീവിതമെന്ന മായകള്‍ക്കടിമപ്പെട്ടവര്‍ക്ക് മുക്തിമാര്‍ഗം ചൊല്ലിക്കൊടുക്കുന്ന ദാര്‍ശനിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരാണ് സന്ന്യാസിമാര്‍. ലൗകിക ജീവിതം ഉപേക്ഷിച്ച് സര്‍വസംഗപരിത്യാഗിയായി കഴിയുന്നവര്‍. പുരാണങ്ങളിലെ സന്ന്യാസിവര്യന്മാരുടെ ശ്രേഷ്ഠത കേട്ട് അവരെ ആരാധിച്ച നാടാണിത്. സന്ന്യാസം അവസാനിപ്പിച്ച് നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ ബോധേശ്വരന്റെയും നാട്. ഇവിടെ വലിയൊരുകൂട്ടം സന്ന്യാസിമാര്‍ ദര്‍ശനശാസ്ത്രങ്ങളെല്ലാം മറന്ന് നാടിനെ കൊലക്കളമാക്കാന്‍ ആര്‍ത്തിക്കാട്ടുന്നു.
പേരിനൊപ്പം യോഗിയെന്ന് ചേര്‍ത്തും ദേഹത്താകെ കാവിയും ചുറ്റിയ ആദിത്യനാഥ് എന്ന അജയ് മോഹന്‍ ഭിഷ്ട്, ഗാര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിത്വമാണ്. നരേന്ദ്രമോദിയോളം ചേര്‍ത്തുകെട്ടുന്ന മറ്റൊരു നാമം. ശാസ്ത്രത്തില്‍ നിന്ന് വേദത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനങ്ങളിലൂടെ സഞ്ചരിച്ചശേഷമാണ് അജയ് മോഹന്‍ ഭിഷ്ട് സന്ന്യാസം സ്വീകരിച്ചതെന്ന് ഇന്ന് അയാള്‍ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന ഉത്തര്‍പ്രദേശിന്റെ ദുരവസ്ഥ സമ്മതിക്കില്ല.
കാര്യകാരണബന്ധത്തെ സൂക്ഷ്മമായി പരിശോധിക്കുന്നതിലും പരിഹരിക്കുന്നതിലും വേദങ്ങളും ദര്‍ശനങ്ങളും പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് കാണാനാകും. എന്നാല്‍ ഉത്തര്‍പ്രദേശിന്റെ അവസ്ഥയ്ക്ക് മറ്റുള്ളവരെ പഴിചാരുന്ന പ്രാകൃതനാവും രൂപവുമായി ഈ കപടസന്ന്യാസി മാറിക്കഴിഞ്ഞിരിക്കുന്നു. എല്ലാ പ്രവൃത്തിയുടെയും ഫലം നല്‍കുന്നത് ഈശ്വരനാണെന്നാണ് വിശ്വാസം. ഫലം ഇച്ഛിക്കാത്ത കര്‍മ്മം ചെയ്യുവാന്‍ ഭഗവാന്‍ ഭക്തരോട് ആവശ്യപ്പെട്ടു എന്ന് ഗീതയില്‍ പറഞ്ഞത് ഓര്‍ത്തുനോക്കൂ. ചെയ്തികളുടെ ഫലം അയാളിലേക്ക് അടുത്തടുത്ത് വരികയാണ്.
ആയിരക്കണക്കിന് മനുഷ്യശരീരങ്ങള്‍ ആദിത്യനാഥിന്റെ തലച്ചോറില്‍ വട്ടമിടുന്നുണ്ടാകും. വിധിപ്രകാരം സംസ്‌കരിക്കാനാവാതെ ഗതികിട്ടാതൊഴുകുന്ന മലിനശരീരങ്ങള്‍. ജീവനൊഴിഞ്ഞുപോകുന്ന ശരീരവും ജഡവും അശുദ്ധമെന്നാണ് ശാസ്ത്രം. ശരീരം സംസ്‌കരിക്കുന്നതിലെ ആചാരങ്ങളും അതില്‍ നിന്ന് പിറന്നതുതന്നെ. സകലതിനെയും ശുദ്ധീകരിക്കുന്ന അഗ്‌നി, ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കി മാറ്റുന്ന അന്ത്യേഷ്ടി എന്ന കര്‍മ്മം സന്ന്യാസിമാര്‍ക്ക് ബോധ്യംവരാത്ത ഹൈന്ദവ ആചാരം കൂടിയാണെന്ന് ആദിത്യനാഥിന് പറയാനാവില്ല.
അഗ്‌നികുണ്ഡത്തില്‍ സുഗന്ധദ്രവ്യത്തോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ഭസ്മാന്തം ശരീരം എന്ന വചനമനുസരിച്ച് ഭസ്മമായി തീരേണ്ട അനേകം ഹിന്ദുവിന്റെയും ശരീരങ്ങള്‍, കാശിയെന്നും ബനാറസെന്നും അറിയപ്പെടുന്ന നരേന്ദ്രമോദിയുടെ വാരണാസിയിലൂടെ പരന്നൊഴുകുന്ന പുണ്യനദി ഗംഗയില്‍ പൊന്തിനടക്കുന്നു. പുണ്യഗംഗയില്‍ ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന ആ ശരീരങ്ങള്‍ക്ക് പുണ്യം കിട്ടുമെന്നാണ് ആദിത്യനാഥെന്ന സന്ന്യാസിയുടെയും മോദിയെന്ന അഭിനവ ബ്രഹ്മചാരിയുടെയും ആരാധകക്കൂട്ടം പറയുന്നത്.
കപിലമഹര്‍ഷിയുടെ കോപം മൂലം സൂര്യവംശത്തിലെ സഗരപുത്രന്മാര്‍ക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നത്രെ. പിതാമഹന്മാര്‍ക്ക് മോക്ഷം ലഭിക്കാന്‍ സാക്ഷാല്‍ പരമശിവനെ തപസുചെയ്ത് ഭഗീരഥന്‍ എന്ന രാജാവ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലെത്തിച്ച ദിവ്യനദിയാണ് ഗംഗ എന്നാണ് വിശ്വാസം. ഇന്നത്തെ സ്ഥിതിക്ക് മോദിയും ആദിത്യനാഥും സംഘപരിവാറുകാരും പ്രാധാന്യം കൊടുക്കേണ്ടതും ഈ വിശ്വാസത്തിന് തന്നെയാണ്. ഗംഗയിലെ ഓരോ തുള്ളി ജലത്തില്‍പ്പോലും ദിവ്യത്വമുണ്ടെന്നാണ് തുടര്‍ന്നുപോരുന്ന ഇവരുടെ വിശ്വാസം. വിശ്വാസങ്ങളാലും ഐതിഹ്യങ്ങള്‍കൊണ്ടും പുണ്യനദിയായി വേദകാലം മുതല്‍ ഗംഗ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഭാരതത്തിന്റെ പുണ്യനദി മാത്രമല്ല, 2008 മുതല്‍ ഇന്ത്യയുടെ ദേശീയ നദിയും ഗംഗയാണ്. വാരണാസി ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ ഗംഗാതട നഗരങ്ങളെല്ലാം പുണ്യകേന്ദ്രങ്ങളായി മാറ്റിയതും ടൂറിസ്റ്റുകളാല്‍ വരുമാനമുണ്ടാക്കുന്നതും ഗംഗാജലത്തിലെ ദൈവികതയെ പാത്രമാക്കിയാണ്. ഈ പുണ്യഗംഗ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളില്‍ ഒന്നാണ്. ഡല്‍ഹിയിലെയും ആഗ്രയിലെയും കൊല്‍ക്കത്തയിലെയും വ്യവസായ ശാലകളെയാണ് ഭരണകൂടം ഗംഗയുടെ മലിനീകരണത്തില്‍ കുറ്റവാളികളാക്കിയിരുന്നത്. ഗംഗയുടെ പുണ്യം നിലനിര്‍ത്താന്‍ സന്ന്യാസിനിയായ ഉമാഭാരതിയെ പ്രത്യേകം മന്ത്രിയാക്കി നിയോഗിച്ചു. ഗംഗാജലത്തില്‍ മാലിന്യത്തിന്റെ അളവ് കൂടിയതുപോലെ കരയില്‍ പദ്ധതിയുടെ മറവില്‍ അഴിമതിയും ധൂര്‍ത്തും നടന്നു. ഗംഗയുടെ പേരില്‍ ആവോളം പണമുണ്ടാക്കിയ സന്ന്യാസിമാരും സംഘപരിവാരങ്ങളും കുറച്ചൊന്നുമല്ല.
ഗംഗയുടെ ചില പ്രദേശങ്ങളില്‍ നിന്ന് അശരീരികള്‍ കേള്‍ക്കാറുണ്ടെന്നും ഗംഗയുടെ ശബ്ദമാണെന്നും പ്രചാരണമുണ്ടായിരുന്നു. അത് സത്യമായിരുന്നെങ്കില്‍ ഇന്ന് അത്യുച്ചത്തില്‍ പൊട്ടിക്കരയുമായിരുന്നു പുണ്യം ചുമക്കുന്ന ഈ ശവഗംഗ. കൂടിയ അളവില്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാനുള്ള ഗംഗാജലത്തിലെ നീരൊഴുക്കിന്റെ ശേഷി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. അത് ജലത്തിലെ അഴുകലിനെ പ്രതിരോധിച്ചിരുന്നു. ഗംഗാജലത്തിന്റെ ആന്റീബയോട്ടിക് സ്വഭാവം ബാക്ടീരിയയുടെ പ്രവര്‍ത്തനങ്ങളുടെ ശേഷി കുറച്ചിരുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാലെല്ലാം ഗംഗാജലം പരിശുദ്ധമായിരുന്നു. ഇന്ന് ഗംഗാജലത്തിന്റെ മാലിന്യതോത് ഈ പഠനങ്ങളെയെല്ലാം കാലഹരണപ്പെട്ടതാക്കി.
ഇതെല്ലാം പറയുന്നത് ഭാരതം ഭരിക്കുന്നത് ഭക്തിയുടെയും വിശ്വാസത്തിന്റെയും ലോകത്ത് നിറഞ്ഞാടുന്ന ഹൈന്ദവവാദികളുടെ കാലത്താണെന്നോര്‍ക്കണം. രാജ്യത്തെ ലോകത്തിനുമുന്നില്‍ കുറച്ചുകാണിക്കാന്‍ നൈജീരിയയിലെ ചിത്രങ്ങളെടുത്ത് ഗംഗയിലെ മൃതദേഹങ്ങള്‍ എന്ന വ്യാജേന നല്‍കുന്നുവെന്നാണ് ഈയിടെ ഒരു സെലിബ്രിറ്റി പറഞ്ഞത്. ഒരാള്‍ മാത്രമല്ല, ഒട്ടേറെ വികടസരസ്വതിമാര്‍ ഈവിധം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അപ്പോഴും ഗംഗയിലെ ഇന്നത്തെ സ്ഥിതി കണ്ണുനിറയ്ക്കുക മാത്രമല്ല, ഭീതിപരത്തുകയുമാണ്.
ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ഒരാഴ്ചക്കിടെ ഗംഗയില്‍ നിന്ന് കണ്ടെടുത്തത് രണ്ടായിരത്തിലേറെ മൃതദേഹങ്ങളാണ്. തീരങ്ങളിലെ മണല്‍പ്പരപ്പില്‍ പൂഴ്ത്തിയ മൃതദേഹങ്ങളുടെ എണ്ണം വേറെ. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, ഗാസിപൂര്‍, ഉന്നാവോ, ബാലിയ ജില്ലകളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് ഗംഗയിലേക്ക് വലിച്ചെറിയുന്നത്. ഇവ ബിഹാറില്‍ അടിഞ്ഞുകൂടുന്നുവെന്നാണ് അവിടത്തെ ഭരണകൂടം പറയുന്നത്. ബിഹാര്‍ അതിര്‍ത്തിയില്‍ യുപിയില്‍ നിന്നുള്ള മൃതദേഹങ്ങള്‍ തടയാന്‍ വല കെട്ടിയിരിക്കുന്നു.
നെഞ്ചിടിപ്പാണ് ഇതെല്ലാം വിവരിക്കുമ്പോള്‍. നേരിട്ട് ആ കാഴ്ചകള്‍ കണ്ട് വിറങ്ങലിച്ച ബിഹാര്‍ ഘാസിപുരിലെ അഖണ്ഡ് എന്ന ചെറുപ്പക്കാരന്റെ വാക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ഗംഗയുടെ കടവുകളില്‍ പട്ടില്‍പ്പൊതിഞ്ഞ മനുഷ്യശരീരങ്ങള്‍ അടിഞ്ഞുകൊണ്ടേയിരിക്കുന്നു. അസഹ്യമായ ദുര്‍ഗന്ധം. ഭീതിജനകമായ കാഴ്ച. നദിയൊഴുക്കിന്റെ എല്ലാ ദിശകളിലും ശരീരങ്ങള്‍ അടിയുന്നു-അഖണ്ഡിന്റെ ഈ കാഴ്ച ഹൃദയമുള്ളവനെ വേദനിപ്പിക്കുന്നതാണ്. പുണ്യനദിയുടെ ഓരത്ത് നായ്ക്കള്‍ കടിച്ചുകീറിയ നിലയിലും മൃതദേഹങ്ങള്‍ കാണുന്നുവെന്നതും ഓര്‍മ്മയില്‍ തളംകെട്ടിനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്ന വാര്‍ത്ത.
പൊങ്ങച്ചത്തിന്റെ ഹിമാലയന്‍ ഭരണത്തിനു കീഴില്‍ മനുഷ്യരുടെ ദുര്‍ഗതിയാണിത്. ഇവിടെയാണ് കേരളത്തെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന സംഘപരിവാര്‍ മന്ത്രിയുടെയും നേതാക്കളുടെയും വാക്കുകളെ ചേര്‍ത്തുവായിക്കേണ്ടത്. ഗംഗയിലെ മൃതദേഹങ്ങളില്‍ നിന്നുള്ള കൊറോണ വൈറസ് വെള്ളത്തിലൂടെ മറ്റുള്ളവരിലേക്ക് പകരുമെന്ന ഭീതിയല്ല. പല ഗ്രാമങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പ്രധാന ജലസ്രോതസാണ് ഗംഗ. എങ്കിലും വെള്ളത്തിലൂടെ വൈറസ് വ്യാപനം ഉണ്ടാവില്ലെന്ന ശാസ്ത്രമതത്തെ തല്‍ക്കാലം വിശ്വസിച്ച് ആശ്വാസം കൊള്ളാം. പക്ഷെ, കരയിലിരുന്ന് നാടുഭരിക്കുന്ന സന്ന്യാസിയും ദേശസ്‌നേഹിയും ഉണ്ടാക്കുന്ന ഭയം അകലുന്നില്ല, കൂടുതല്‍ കൂടുതല്‍ പേടിപ്പെടുത്തുകയാണവര്‍.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക