| Monday, 1st June 2020, 3:12 pm

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി.

പ്രതി സഫര്‍ ഷായെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

തൃശൂര്‍ വാല്‍പ്പാറയില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സഫര്‍ ഷാ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി കഴിഞ്ഞ ദിവസം ജാമ്യം നേടിയത്.

കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോള്‍ പ്രോസിക്യൂഷനും ഈ വാദം ശരിവെക്കുകയായിരുന്നു.

ഗുരുതരമായ കേസില്‍ കുറ്റപത്രം വൈകിയതിനെതിരെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അന്വേഷണം തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചായിരുന്നു പ്രതിഭാഗം ജാമ്യം നേടിയത്.

ജനുവരി എട്ടിനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഫര്‍ഷാ അറസ്റ്റിലാകുന്നത്. ഏപ്രില്‍ എട്ടിന് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഫര്‍ ഷാ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്നാട് അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more