Kerala News
വള്ളിക്കുന്നം അഭിമന്യു കൊലപാതകം: പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 16, 05:12 am
Friday, 16th April 2021, 10:42 am

വള്ളിക്കുന്നം: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സജയ് ജിത്ത് പൊലീസില്‍ കീഴടങ്ങി. ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് സജയ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്. അഭിമന്യു എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സി.പി.ഐ.എം ഏരിയാ സെക്രട്ടറി ബി. ബിനു പറഞ്ഞിരുന്നു.

കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സജയ് ജിത്തില്‍ നിന്നും ഇവരെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.

കൊല്ലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി കേസില്‍ നിര്‍ണായകമാകും. അതേസമയം, അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Vallikkunnam Abhimanyu murder, convict RSS worker Sajay Jith surrendered