രഞ്ജിത്തിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് വല്ല്യേട്ടന്‍. മമ്മൂട്ടി, സായി കുമാര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, ശോഭന, പൂര്‍ണ്ണിമ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. ഈ സിനിമക്കും മമ്മൂട്ടി അവതരിപ്പിച്ച മാധവനുണ്ണി എന്ന കഥാപാത്രത്തിനും സെപ്പറേറ്റ് ഫാന്‍ ബേസ് തന്നെയുണ്ട്.
കൈരളി ടി.വിയില്‍ സംപ്രേക്ഷണം ചെയ്യാറുള്ള വല്ല്യേട്ടന്‍ എന്നും ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. പലരുടെയും നൊസ്റ്റാള്‍ജിയകളില്‍ ഓണവും വല്ല്യേട്ടനും ഇഴപിരിഞ്ഞു കിടക്കുന്നുണ്ട് എന്നെല്ലാം തമാശ രൂപേണ പറയാറുണ്ട്. ഓണ സമയങ്ങളില്‍ കൈരളിയില്‍ മാധവനുണ്ണിയെയും അനിയന്മാരെയും മാനത്തെ മണിത്തുമ്പ മൊട്ടില്‍ എന്ന് തുടങ്ങുന്ന ഗാനവും കണ്ടാല്‍ മാത്രമേ ഓണം പൂര്‍ത്തിയാകൂ എന്ന് വരെ പറയുന്നവരുണ്ട്.
സാധാരണയായി മറ്റു സമയങ്ങളിലെ പോലെ ഓണസമയങ്ങളില്‍ കൈരളി ടി.വിയില്‍ വല്ല്യേട്ടന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ കൈരളി ടി.വി പുറത്തുവിട്ട ഉത്രാടദിന ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇപ്രാവശ്യം വല്ല്യേട്ടനെ കാണാനില്ല എന്നത് ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ് എന്ന രീതിയില്‍ ട്രോളുകള്‍ ഉയരുന്നത്.
കൈരളി ടി.വിയുടെ ഉത്രാടദിന ചിത്രങ്ങളുടെ പട്ടികയില്‍ വല്ല്യേട്ടന്‍ ഇല്ലാത്തതിനെ ചൊല്ലി നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി തങ്ങളുടെ അതൃപ്തി അറിയിച്ചത്. ‘വല്യേട്ടന്‍ ഇല്ലാത്ത എന്തു ഓണം? പണ്ടൊക്കെ ഓണത്തിന് ഉച്ചക്ക് 2 മണിക്ക് സിനിമ കാണാന്‍ തുടങ്ങിയാല്‍ തീരാന്‍ രാത്രി 10 മണിയാകും. ഇനി വരുമോ ആ കാലം. ഇന്നത്തെ പിള്ളേര്‍ക്ക് മനസ്സിലാകില്ല,’ എന്നാണ് ഒരു കമന്റ്.
എവിടെ കൂട്ടത്തിലെ കൊമ്പന്‍ എവിടെ? വല്ല്യേട്ടന്‍, എന്നാണ് മറ്റൊരു കമന്റ്. എന്റെ കൈരളി ഇങ്ങനെയല്ലാ, എവിടെ വല്ല്യേട്ടന്‍…എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. വല്ല്യേട്ടന്‍ ഇല്ലാത്ത കൈരളി എനിക്ക് കാണണ്ട.എന്നിങ്ങനെ തുടരുന്നു പരിഹാസങ്ങള്‍.
ഉത്രാടദിന ചിത്രങ്ങളുടെ പട്ടികയില്‍ വല്ല്യേട്ടന്‍ ഇല്ലെങ്കിലും തിരുവോണ നാളില്‍ ചിത്രം കൈരളിയില്‍ കാണാന്‍ ആകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Valliettan Movie Is Not streaming On Kairali T.V in Uthradam