കൈരളിയില്‍ നിന്ന് വല്യേട്ടന്‍ പടിയിറങ്ങി; ഇത്തവണ തിരുവോണത്തിന് കാണാന്‍ മറ്റൊരു മമ്മൂട്ടി ചിത്രം
Entertainment
കൈരളിയില്‍ നിന്ന് വല്യേട്ടന്‍ പടിയിറങ്ങി; ഇത്തവണ തിരുവോണത്തിന് കാണാന്‍ മറ്റൊരു മമ്മൂട്ടി ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th September 2024, 9:45 am

മലയാളികളായ സിനിമാപ്രേമികളുടെ ഓണവും മമ്മൂട്ടി ചിത്രമായ വല്യേട്ടനും തമ്മിലൊരു ബന്ധമുണ്ട്. ഈ സിനിമ ടി.വിയില്‍ കാണാത്ത ഒരു ഓണവും മലയാളികള്‍ക്ക് ഉണ്ടാകാറില്ല. കൈരളി ടി.വിയില്‍ എല്ലാ ഉത്രാട ദിനത്തിലും വല്യേട്ടന്‍ സംപ്രേക്ഷണം ചെയ്യാറുണ്ട്. അത് വലിയ ട്രോളിനും കാരണമാകാറുണ്ട്.

എന്നാല്‍ ഇത്തവണത്തെ ഉത്രാടത്തിന് കൈരളിയില്‍ വല്യേട്ടന്‍ ഉണ്ടായിരുന്നില്ല. ആദ്യമായാണ് മാധവനുണ്ണിയും അനിയന്മാരും ഇല്ലാത്ത ഒരു ഉത്രാട ദിനം കടന്നുപോയത്. പിന്നാലെ തിരുവോണത്തിന് ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇത്തവണത്തെ ഓണത്തിന് മാനത്തെ മണിത്തുമ്പ മൊട്ടില്‍ എന്ന പാട്ടോ മാധവനുണ്ണിയോ ഉണ്ടാകില്ല. കാരണം തിരുവോണ ദിനത്തില്‍ കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റിലും ഈ സിനിമയില്ല. പകരം മമ്മൂട്ടി ചിത്രമായ പോക്കിരിരാജയാണ് ഉള്ളത്. ഉച്ചക്ക് മൂന്ന് മണിക്കാണ് പോക്കിരിരാജ സംപ്രേക്ഷണം ചെയ്യുന്നത്.

കൈരളി സോഷ്യല്‍ മീഡിയയിലൂടെ തിരുവോണ ചലച്ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടതോടെ നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. ‘അപേക്ഷ വെച്ചതാണല്ലോ വല്യേട്ടന്‍ പ്രക്ഷേപണം ചെയ്യാന്‍’, ‘ഓഹോ അപ്പോള്‍ വല്യേട്ടന്‍ പടിയിറങ്ങിയല്ലേ’, ‘കൂട്ടത്തിലെ കൊമ്പനെവിടെ’, ‘ഹാവു പോക്കിരി രാജയെങ്കിലും ഉണ്ടല്ലോ’, ‘വല്യേട്ടനില്ലാത്ത ഓണം ഇതാദ്യമായി’, ‘വല്ല്യേട്ടനില്ലാത്ത ഓണമോ. ശിവ ശിവ. എന്തായിത്’ തുടങ്ങിയ നിരവധി കമന്റുകള്‍ വരുന്നുണ്ട്.


രഞ്ജിത്തിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് വല്ല്യേട്ടന്‍. മമ്മൂട്ടി, സായ് കുമാര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, ശോഭന, പൂര്‍ണിമ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു.

ഈ സിനിമക്കും മമ്മൂട്ടി അവതരിപ്പിച്ച മാധവനുണ്ണി എന്ന കഥാപാത്രത്തിനും ഒരു പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. ചിത്രം ഈയിടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം പോക്കിരിരാജക്ക് പുറമെ അഞ്ച് സിനിമകളാണ് ഇന്ന് കൈരളി പുറത്തുവിട്ട ലിസ്റ്റില്‍ ഉള്ളത്. ഹിറ്റ് ലിസ്റ്റ്, യാനൈ, മഹാരാജാ, ബൈരി, പോര്‍ എന്നിവയാണ് തിരുവോണത്തിന് കൈരളിയില്‍ എത്തുന്ന മറ്റു ചിത്രങ്ങള്‍.

Content Highlight: Valliettan Movie Is Not Streaming In Thiruvonam Day On Kairali Tv