പൊതുവെ അവധിക്കാലം സിനിമ കാണുന്നവരെ സംബന്ധിച്ച് ചില ആശങ്കകള്‍ സൃഷ്ടിക്കും ഏത സിനിമയ്ക്കാണ് പോകുക ഏതിനാണ് ആദ്യം പോകേണ്ടത്. ഏതാാണ് ഒഴിവാക്കേണ്ടത്, അങ്ങിനെയെല്ലാം. ഈ ക്രിസ്തുമസ് കാലവും വ്യത്യസ്തമൊന്നുമല്ലായിരുന്നു. എങ്കിലും മലയാളത്തിന്റെ യുവതാരം ഷെയ്ന്‍ നിഗം നായകനാവുന്ന വലിയപെരുന്നാളാണ് ആദ്യം തന്നെ കാണാന്‍ തീരുമാനിച്ചത്.
അതിന് ചില കാര്യങ്ങള്‍ പ്രേരിപ്പിച്ചിരുന്നു. ഒന്ന് ഷെയ്ന്‍ ഇതുവരെ ചെയ്തതില്‍ വ്യത്യസ്തമായ കഥാപാത്രം, അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം, ഫില്‍റ്റര്‍ കോപ്പിയിലൂടെ ഹിറ്റായ ഹിമിക അഭിനയിക്കുന്ന ചിത്രം. പിന്നെ എല്ലാത്തിനും ഉപരി ഷെയ്‌നിന്റെ കരിയറില്‍ തന്നെ ഏറെ നിര്‍ണായകമായ ഒരു സമയത്ത് പുറത്തിറങ്ങുന്ന ഒരു ചിത്രം. ഇത്രയുമായിരുന്നു വലിയ പെരുന്നാള്‍ ആദ്യദിനം തന്നെ കാണുന്നതിന് പ്രേരിപ്പിച്ചത്.
നവാഗതനായ ഡെമില്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയപെരുന്നാളില്‍ അക്കര്‍ ആയിട്ടാണ് ഷെയ്ന്‍ എത്തുന്നത്. കൊച്ചിയില്‍ ടാക്‌സി ഡ്രൈവറായ ശിവനില്‍ നിന്നാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്. ആദ്യത്തെ പതിനഞ്ച് മിനിറ്റില്‍ ശിവന്റെ ജീവിതത്തിലൂടെ പോകുന്ന കഥയില്‍ നിന്ന് ടൈറ്റില്‍ ആരംഭത്തിലൂടെ അക്കറിന്റെ ജീവിതത്തിലേക്ക് എത്തുന്നു. തുടര്‍ന്ന് ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ മട്ടാഞ്ചേരിയിലെ ജീവിതം പ്രേക്ഷകനെ കാണിക്കുകയാണ് സംവിധായകന്‍.
പൂജയാണ് അക്കറിന്റെ കാമുകി. ഒരു ഡാന്‍സര്‍ കൂടിയായ അക്കറും പൂജയും ഒരേ ഡാന്‍സ് ഗ്രൂപ്പിലാണ്. വിവിധ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ ആദ്യ പകുതിയെത്തുമ്പോള്‍ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പരസ്പരം ബന്ധം ഉണ്ടാകുന്നു. രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ സ്വഭാവം മാറും. ആക്ഷനും തനിക്ക് വഴങ്ങുമെന്ന് ഷെയ്ന്‍ വലിയ പെരുന്നാളിലൂടെ കാണിച്ച് തരുന്നുണ്ട്.
അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാന ചിത്രമാണ് വലിയപെരുന്നാള്‍. നടന്‍ ജോജു ജോര്‍ജാണ് ശിവനായി എത്തുന്നത്. വെബ് സീരിസുകളിലൂടെ പ്രശസ്തയായ ഹിമികയാണ് പൂജയായി എത്തുന്നത്. ഇരുവര്‍ക്കും പുറമേ പേരറിയാത്ത ഒരുപാട് താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
പച്ചയും ചെക്കുവും അപ്പിയും ഗഫൂര്‍ക്കായും മൂസാക്കായും അന്ത്രുവുമൊക്കെയായി എത്തിയിരിക്കുന്ന പല താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. എടുത്ത് പറയേണ്ട മറ്റൊരാള്‍ വില്ലന്‍ റോളില്‍ എത്തിയ ജയിംസ് ഏലിയയാണ്. ബാബു സാര്‍ എന്ന റോളില്‍ ഞെട്ടിക്കുന്ന പെര്‍ഫോമന്‍സാണ് ജയിംസ് നടത്തിയത്.
വിനായകന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ അതിഥി വേഷത്തിലും എത്തുന്നുണ്ട്. സംഗീതവും നൃത്തവും സിനിമയിലെ ഒരു നിര്‍ണായക ഘടകമാണ്. പക്ഷേ പലപ്പോഴും സിനിമയുടെ ദൈര്‍ഘ്യം കൂടുന്നതിനും ഇത് കാരണമായിട്ടുണ്ട്. മൂന്ന് മണിക്കൂറിലധികമാണ് സിനിമയുടെ ദൈര്‍ഘ്യം. കട്ട് ചെയ്ത് മാറ്റിയിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിക്കാത്ത ഒരുപാട് സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉണ്ട്.
പലപ്പോഴും കഥാപാത്രങ്ങളുടെ ആധിക്യവും സിനിമയുടെ ദൈര്‍ഘ്യവും പ്രേക്ഷകന് ചില സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സിനിമയുടെ പല ഘട്ടങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ഗാനങ്ങള്‍ എത്തുന്നുണ്ട്. സിനിമയുടെ സ്വഭാവത്തിന് കഥാഗതിക്കും അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ളതാണ് ഗാനങ്ങള്‍.
റെക്‌സ് വിജയനാണ് സംഗീത സംവിധാനം. പൊതുവെ മലയാള സിനിമയില്‍ കണ്ടുമടുത്ത മട്ടാഞ്ചേരിയുടെയും ഫോര്‍ട്ട് കൊച്ചിയുടെയും ഒരു ഫ്രൈമും വലിയപെരുന്നാളില്‍ ആവര്‍ത്തിക്കുന്നില്ല. സുരേഷ് രാജനാണ് സിനിമയുടെ ഛായാഗ്രഹണം.
സമയ ദൈര്‍ഘ്യം എന്ന പോരായ്മ മാറ്റി നിര്‍ത്തിയാല്‍ വലിയപെരുന്നാളും അഭിനേതാക്കളും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.