ലാലേട്ടനും മമ്മൂക്കയും ഈ കഥാപാത്രങ്ങള്‍ ചെയ്താല്‍ ശരിയാവില്ലെന്ന മുന്‍വിധിയിലാണ് അവര്‍: വാലിബന്റെ തിരക്കഥാകൃത്ത്
Film News
ലാലേട്ടനും മമ്മൂക്കയും ഈ കഥാപാത്രങ്ങള്‍ ചെയ്താല്‍ ശരിയാവില്ലെന്ന മുന്‍വിധിയിലാണ് അവര്‍: വാലിബന്റെ തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th January 2024, 11:02 pm

ഒരാളുടെ കാഴ്ച്ചാ ശീലത്തെ പുതുക്കാന്‍ നമുക്ക് ഒരു കലാസൃഷ്ടി മുന്നില്‍ വെക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും അത് അവര്‍ തന്നെ പുതുക്കേണ്ട കാര്യമാണെന്നും അങ്ങനെ പുതുക്കപെട്ടിട്ടില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും മലൈക്കോട്ടൈ വാലിബന്റെ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്.

ഇപ്പോഴും മോഹന്‍ലാലിനും മമ്മൂട്ടിക്കും അങ്ങനെയുള്ള ഒരു ഓഡിയന്‍സ് ഇവിടെയുണ്ടെന്നും പറയുന്ന അദ്ദേഹം മമ്മൂട്ടി ഇങ്ങനെയുള്ള സിനിമ മാത്രമേ ചെയ്യാന്‍ പാടുള്ളുവെന്നും ഒരു കഥാപാത്രം ചെയ്താല്‍ ശരിയാവില്ല എന്നൊക്കെയുള്ള മുന്‍വിധി അവര്‍ക്കുണ്ടെന്നും പറഞ്ഞു.

മോഹന്‍ലാല്‍ ഏതുതരം കഥാപാത്രങ്ങളാണ് ചെയ്യേണ്ടതെന്നും ചിലത് ഫാന്‍സിന്റെ സിനിമയല്ല എന്നൊക്കെയാണ് അവര്‍ പറയുന്നതെന്നും ശരിക്കും അങ്ങനെയൊരു സിനിമയില്ലെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പി.എസ്. റഫീഖ്.

‘ഒരാളുടെ കാഴ്ച്ചാ ശീലത്തെ പുതുക്കുക എന്ന് പറയുമ്പോള്‍ നമുക്ക് ഒരു കലാസൃഷ്ടി മുന്നില്‍ വെക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇത് അവര്‍ പുതുക്കേണ്ട സാധനമാണ്. അങ്ങനെ പുതുക്കപെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും അങ്ങനെയുള്ള ഒരു ഓഡിയന്‍സ് ഇവിടെയുണ്ട്.

ലാലേട്ടനാണെങ്കിലും മമ്മൂക്കക്ക് ആണെങ്കിലും, മമ്മൂക്ക ഇങ്ങനെയുള്ള സിനിമ മാത്രമേ ചെയ്യാന്‍ പാടുള്ളു, മമ്മൂക്ക ഈ കഥാപാത്രം ചെയ്താല്‍ ശരിയാവില്ല എന്നൊക്കെയുള്ള മുന്‍വിധി ഇവര്‍ക്കുണ്ട്.

ലാലേട്ടന്‍ ഇതുപോലെയുള്ള കഥാപാത്രങ്ങളാണ് ചെയ്യേണ്ടത്, ഇത് ഫാന്‍സിന്റെ സിനിമയല്ല എന്നൊക്കെയാണ് പറയുന്നത്. ശരിക്കും അങ്ങനെയൊരു സിനിമയുണ്ടോ? അങ്ങനെയൊരു സിനിമയില്ല,’ പി.എസ്. റഫീഖ് പറഞ്ഞു.

മോഹന്‍ലാലിന്റെ പുലിമുരുകനും മറ്റു മാസ് ഹീറോ ചിത്രങ്ങളും സിനിമാ മേഖലക്ക് ഗുണങ്ങളാണ് ഉണ്ടാക്കിയതെന്നും അദ്ദേഹത്തില്‍ നിന്ന് ഇവര്‍ ഇതുതന്നെയാണോ പ്രതീക്ഷിക്കുന്നത് എന്നും റഫീഖ് ചോദിച്ചു.

‘എല്ലാവര്‍ക്കും വലിയ പ്രതീക്ഷകളുള്ള സിനിമയായിരുന്നു വാലിബന്‍. നമ്മള്‍ ആദ്യമേ തന്നെ പറഞ്ഞ കാര്യമാണ്, ലാലേട്ടന്റെ സാധാരണ കണ്ടിട്ടുള്ള ഒരു സിനിമയല്ല ഇതെന്ന്. സാധാരണ കണ്ടു വരുന്ന സിനിമകളെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.

അതൊക്കെ ഇന്‍ഡസ്ട്രിക്ക് വലിയ ഗുണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലാലേട്ടന്റെ തന്നെ പുലിമുരുകന്‍ ആണെങ്കിലും മറ്റ് മാസ് ഹീറോയിക് സിനിമകള്‍ ആണെങ്കിലും, അതൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ അത് നെഗറ്റീവുകളും ഉണ്ടാക്കിയിട്ടുണ്ട്.

ലാലേട്ടനില്‍ നിന്ന് ഇവര്‍ ഇതുതന്നെയാണോ പ്രതീക്ഷിക്കുന്നത്. അദ്ദേഹം എത്രയോ വലിയ ആര്‍ട്ടിസ്റ്റാണ്. ലോക സിനിമയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ മറ്റൊരു രീതിയില്‍ കാണാന്‍ നമുക്ക് ആഗ്രഹമുണ്ടാവില്ലേ. അത് അവരാണ് ആലോചിക്കേണ്ടത്,’ പി.എസ്. റഫീഖ് പറയുന്നു.


Content Highlight: valiban’s screenwriter ps rafeeque talks about mohanlal and mammootty fans