പുലിമുരുകനും മാസ് ഹീറോ ചിത്രങ്ങളും; ലാലേട്ടനില്‍ നിന്ന് ഇവര്‍ ഇതുതന്നെയാണോ പ്രതീക്ഷിക്കുന്നത്: വാലിബന്റെ തിരക്കഥാകൃത്ത്
Film News
പുലിമുരുകനും മാസ് ഹീറോ ചിത്രങ്ങളും; ലാലേട്ടനില്‍ നിന്ന് ഇവര്‍ ഇതുതന്നെയാണോ പ്രതീക്ഷിക്കുന്നത്: വാലിബന്റെ തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th January 2024, 10:13 pm

മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍.

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് വാലിബന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ വലിയ കാത്തിരിപ്പിന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

ഇതിനിടയില്‍ തന്റെ സിനിമക്ക് എതിരെ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുവെന്ന ആരോപണമായി സംവിധായകനും രംഗത്ത് എത്തിയിരുന്നു.

ചിത്രത്തിന് മോഹന്‍ലാലിന്റെ ആരാധകര്‍ തന്നെ മോശം അഭിപ്രായമായിരുന്നു പറഞ്ഞത്. ഇപ്പോള്‍ ഇതിനെ കുറിച്ച് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വാലിബന്റെ തിരക്കഥാകൃത്ത് പി.എസ്. റഫീഖ്.

‘എല്ലാവര്‍ക്കും വലിയ പ്രതീക്ഷകളുള്ള സിനിമയായിരുന്നു വാലിബന്‍. നമ്മള്‍ ആദ്യമേ തന്നെ പറഞ്ഞ കാര്യമാണ്, ലാലേട്ടന്റെ സാധാരണ കണ്ടിട്ടുള്ള ഒരു സിനിമയല്ല ഇതെന്ന്. സാധാരണ കണ്ടു വരുന്ന സിനിമകളെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല.

അതൊക്കെ ഇന്‍ഡസ്ട്രിക്ക് വലിയ ഗുണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലാലേട്ടന്റെ തന്നെ പുലിമുരുകന്‍ ആണെങ്കിലും മറ്റ് മാസ് ഹീറോയിക് സിനിമകള്‍ ആണെങ്കിലും, അതൊക്കെ ഗുണങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍ അത് നെഗറ്റീവുകളും ഉണ്ടാക്കിയിട്ടുണ്ട്.

ലാലേട്ടനില്‍ നിന്ന് ഇവര്‍ ഇതുതന്നെയാണോ പ്രതീക്ഷിക്കുന്നത്. അദ്ദേഹം എത്രയോ വലിയ ആര്‍ട്ടിസ്റ്റാണ്. ലോക സിനിമയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്.

അദ്ദേഹത്തെ മറ്റൊരു രീതിയില്‍ കാണാന്‍ നമുക്ക് ആഗ്രഹമുണ്ടാവില്ലേ. അത് അവരാണ് ആലോചിക്കേണ്ടത്,’ പി.എസ്. റഫീഖ് പറഞ്ഞു.


Content Highlight: Valiban’s Screenwriter P S Rafeeque Talks About Mohanlal Fans