| Sunday, 14th February 2021, 3:37 pm

നമ്മുടെ നാടിനെന്ത് പ്രണയം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകമിന്ന് പ്രണയ ദിനം ആഘോഷിക്കുകയാണ്. പവിത്രമായ പ്രണയത്തിന്റെ പ്രതീകങ്ങളെന്ന നിലയില്‍ നിരവധി പ്രണയിതാക്കളെക്കുറിച്ചുള്ള വാര്‍ത്തകളും ഫീച്ചറുകളും മാധ്യമങ്ങളില്‍ നിറയുന്ന ദിവസം കൂടിയാണിന്ന്.

ഈ ദിവസത്തില്‍ പുരോഗമന കേരളം ചിന്തിക്കേണ്ട, ഗൗരവമായി ആലോചിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രണയത്തെ, അതിന്റെ സാക്ഷാത്കാരങ്ങളെ, കൊടുക്കല്‍വാങ്ങലുകളെ പരമിതികളില്ലാതെ അംഗീകരിക്കാന്‍ നമ്മുടെ നാട് എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ… പ്രണയത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകള്‍ സാധ്യമായ മണ്ണായി കേരളം ഇപ്പോഴും പരുവപ്പെട്ടിട്ടുണ്ടോ…. തലമുറകളായി നമ്മുടെ സമൂഹം പിന്തുരുന്ന ജാതി-മത-വര്‍ഗ സങ്കുചിതത്വങ്ങളെ അതീജിവിക്കാന്‍ നമ്മുടെ പ്രണയങ്ങള്‍ക്ക് എപ്പോഴെങ്കിലും സാധിച്ചിട്ടുണ്ടോ…

ജാതിയും മതവും മറന്ന് പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്നവര്‍, വീട്ടുതടങ്കലിലാവുന്നവര്‍, ക്രൂരമായി മര്‍ദിക്കപ്പെടുന്നവര്‍, സ്വയം ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നവര്‍…
ആണ്‍- പെണ്‍ എന്ന ദ്വന്തത്തിനപ്പുറം തന്റേതായ തനത് പ്രണയാഭിരുചികളെ സ്വയം തിരിച്ചറിഞ്ഞതിന്റെ പേരില്‍ ചുറ്റിലുമുള്ളവരുടെ ആക്രമണങ്ങളും വേട്ടയാടലുകളും സഹിക്കാനാവാതെ നാടുവിടേണ്ടി വരുന്നവര്‍…. ക്രൂരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍…

കുടുംബനിലവാരം, സാമ്പത്തിക നില, തറവാട്ടുമഹിമ, ജോലിനിലവാരം, ജാതി, മതം, വിശ്വാസം, ആചാരം തുടങ്ങി ജീര്‍ണിച്ച സാമൂഹ്യബോധങ്ങളുടെ പ്രഹരങ്ങളില്‍ പ്രണയത്തെ ബലി നല്‍കേണ്ടി വരുന്നവര്‍…

പ്രണയം നിരസിച്ചതിന്റെ പേരില്‍ കൊലക്കത്തിയിലും പെട്രോളിലും ആസിഡിലുമായി ജീവിതം തീര്‍ന്നുപോകുന്നവര്‍… സഹിക്കാനാവാത്ത മുറിവുകള്‍ പേറി ജീവിതം തള്ളിനീക്കുന്നവര്‍… അങ്ങനെയങ്ങനെ പ്രണയത്തിന്റെ രക്തസാക്ഷികളുടേത് കൂടിയാണ് നമ്മുടെ കേരളം….

കോട്ടയത്തെ കെവിന്‍ ജോസഫില്‍ തുടങ്ങി പാലക്കാട് തേങ്കുറിശ്ശിലെ അനീഷിലെത്തി നില്‍ക്കുന്ന അനേകം ദുരഭിമാനക്കൊലകള്‍ക്ക് നമ്മുടെ നാട് സാക്ഷിയായി… പ്രണയത്തില്‍ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നതിന്റെ പേരില്‍ എപ്പോഴും പെണ്‍കുട്ടികള്‍ തേപ്പുകാരികളാകുന്ന നാട്… കേരളത്തിന്റെ പല ജില്ലകളിലായി അനേകം പെണ്‍കുട്ടികളാണ് കഴിഞ്ഞ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരിലും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും… അക്രമോത്സുകമായ പുരുഷാധിപത്യത്തിനും ജാതിമേധാവിത്വത്വത്തിനും മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ നമ്മുെട പ്രണയങ്ങള്‍ക്കിനിയും സാധിച്ചിട്ടില്ല.

മതേതര പ്രണയബന്ധങ്ങള്‍ വംശീയാധിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തില്‍… സംഘപരിവാര്‍ ശക്തികള്‍ സാമുദായിക ധ്രുവീകരണവും ന്യൂനപക്ഷ വേട്ടയും ലക്ഷ്യം വെച്ച് തൊടുത്തുവിട്ട ലവ് ജിഹാദ് എന്ന ആയുധം കേരളത്തിന്റെ സാമുദായിക സൗഹൃദാന്തരീക്ഷങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഭിന്നിച്ചുകഴിഞ്ഞു.

ഒരു റസ്റ്റോറന്റില്‍ വെച്ച് രണ്ട് പേര്‍ ചുംബിച്ചതിന്റെ പേരില്‍ വലിയ കോലാഹലങ്ങളുണ്ടായ നാടാണിത്. കായലോരത്ത് കാറ്റുകൊണ്ട് പരസ്പരം സംസാരിച്ചിരുന്ന യുവതീയുവാക്കളെ കുറുവടിയുമായി വന്ന് ഹനുമാന്‍ സേനക്കാര്‍ ആട്ടിപ്പായിച്ച നാട്… ആണും പെണ്ണും ഇതര ലിംഗ വിഭാഗങ്ങളും ഒരുമിച്ചിരുന്ന് പ്രണയവും സൗഹൃദവും പങ്കിടുന്ന സ്ഥലങ്ങളിലേക്ക് തുറിച്ചുനോട്ടവുമായി ചെന്ന് അവരെ ഭീഷണിപ്പെടുത്തി ഓടിക്കുന്നവരുടെ നാട്….

ഒരു സുഹൃത്തുമായോ ക്ലാസ്മേറ്റുമായോ പോലും ബൈക്കിലോ കാറിലോ ബസ്സിലോ ട്രെയിനിലോ സഞ്ചരിച്ചാല്‍, ഒരുമിച്ച് ചായ കുടിച്ചാല്‍ വിചാരണക്കോടതികളാകുന്ന ചുറ്റുപാടിന്റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളിയെപ്പോലെ തലകുനിച്ചു നില്‍ക്കേണ്ടി കൗമാരക്കാരുടെ നാടാണ് ഇന്നും കേരളം..

രണ്ട് മനുഷ്യര്‍ക്കിടയിലെ ഒരു വ്യവഹാരം എന്ന നിലയില്‍ പ്രണയത്തിന്റെ അഭിലഷണീയമായ ആവിഷ്‌കാരരൂപങ്ങള്‍ സക്ഷാത്കരിക്കാന്‍, പ്രണയിച്ചും ചുംബിച്ചും കലഹിച്ചും സന്തോഷത്തോടെ മുന്നേറാന്‍ നാമിനിയും എത്ര ദൂരം നടക്കേണ്ടി വരും… ഇനിയുമെത്ര പേര്‍ ജീവിതം ഹോമിക്കേണ്ടി വരും…

എല്ലാ മനുഷ്യര്‍ക്കും തുല്യമായ അവകാശങ്ങളും അവസരങ്ങളുമുള്ള ഒരു സാമൂഹികത പ്രണയ ബന്ധങ്ങളെ പുനര്‍ നിര്‍ണ്ണയിക്കുന്ന ഒരു കാലത്ത് നിന്നുകൊണ്ട് നമുക്കൊരു പ്രണയദിനാഘോഷം എന്നെങ്കിലും സാധ്യമാകുമോ…

ഡൂള്‍ന്യൂസ് ഡെസ്‌ക്